പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേപ്പാൾ പ്രീമിയർ ലീഗ് അധികൃതർ. എൻപിഎല്ലിൽ പങ്കെടുക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓരോ പാക് താരത്തിൽനിന്ന് ഫീസ് ആയി 25000 യുഎസ് ഡോളർ ആവശ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം. നിരവധി പ്രമുഖ പാക് താരങ്ങളാണ് ഈ സീസണിൽ എൻപിഎല്ലിൽ കളിക്കാനായി കരാറൊപ്പിട്ടിരിക്കുന്നത്.

To advertise here,

പാകിസ്താന്റെ ട്വന്റി 20 ക്യാപ്റ്റൻ സാഹിബ്സദ ഫർഹാൻ, പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളായ ഇഫ്തിഖർ അഹമ്മദ്, ഹസൻ അലി, ഹൈദർ അലി, ഹുസൈൻ തലാത്, ഉസാമ മിർ, യുവ പേസ് ബൗളർ ഹുനൈൻ ഷാ എന്നിവരെല്ലാം എൻപിഎല്ലിൽ കളിക്കാൻ കരാറൊപ്പിട്ടിട്ടുണ്ട്. കാഠ്മണ്ഡുവിൽ ടൂർണമെന്റ് ആരംഭിക്കാനിരിക്കെ മിക്ക കളിക്കാരും ടീമുകൾക്കൊപ്പം ചേരാനായി നേപ്പാളിൽ എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, പി.സി.ബിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനാൽ മറ്റ് ചിലർ നേപ്പാളിലേക്കുള്ള അവരുടെ യാത്ര താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പെട്ടെന്നുണ്ടായ ഈ പണം ആവശ്യപ്പെടൽ അപ്രതീക്ഷിത തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ആരോപണങ്ങളെക്കുറിച്ച് പിസിബി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ സാഹചര്യം കളിക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എൻപിഎല്ലിനായി കരാർ ഒപ്പിട്ട കളിക്കാരാരും തന്നെ നിലവിൽ ടെസ്റ്റ് അല്ലെങ്കിൽ ഏകദിന ടീമുകളിൽ സജീവമല്ല. അതായത് പാകിസ്താന്റെ അന്താരാഷ്ട്ര മത്സരക്രമത്തെ ഈ കളിക്കാരുടെ അഭാവം ബാധിക്കില്ല.