ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താൻ ടീമിനോട് പരാജയപ്പെട്ട ഇന്ത്യൻ അണ്ടർ 19 ടീം അംഗങ്ങളെ അധിക്ഷേപിച്ച് പാക് ആരാധകർ. ഞായറാഴ്ച ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 191 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു പാക് ടീമിന്റെ കിരീട നേട്ടം. മത്സരത്തിനിടെ തന്നെ മൈതാനത്ത് പാകിസ്താൻ ആരാധകർ തടിച്ചുകൂടിയിരുന്നു. മത്സരത്തിനു പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ടീം ബസിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ യുവതാരങ്ങളെയാണ് പാക് ആരാധകർ അധിക്ഷേപിച്ചത്.

To advertise here,

മത്സര ശേഷം ക്രിക്കറ്റ് കിറ്റുകളുമായി മടങ്ങുകയായിരുന്ന താരങ്ങളെ പാക് ആരാധകർ കൂവി വിളിക്കുകയും കളിയാക്കുകയും മോശം വാക്കുകൾ പറയുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. 16, 17, 18 വയസ് മാത്രമുള്ള കളിക്കാരെ കളിയാക്കുന്ന രീതി കടുത്തുപോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

തങ്ങളെ ഓരോന്ന് വിളിച്ചുപറയുന്ന പാക് ആരാധകരുടെ നേർക്ക് നോക്കാതെ ടീം അംഗങ്ങൾ മടങ്ങുന്നതും വീഡിയോയിലുണ്ട്. അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയ്ക്ക് പക്ഷേ കലാശപ്പോരിൽ കാലിടറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു. പക്ഷേ ഫൈനലിൽ കഥമാറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറിൽ 156 റൺസിന് അവസാനിച്ചു.