ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് ഒലി പോപ്പ്. ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറി നേട്ടം പോപ്പിന്റെ പേര് ചരിത്ര പുസ്‌കത്തില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ തന്റെ ഏഴാം സെഞ്ചുറിയാണ് പോപ്പ് ലങ്കയ്‌ക്കെതിരേ കുറിച്ചത്. ഈ ഏഴ് സെഞ്ചുറികളും ഏഴ് എതിരാളികള്‍ക്കെതിരെയാണെന്നതാണ് പോപ്പിനെ ഇനി ടെസ്റ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. 

To advertise here,

147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ കരിയറിലെ ആദ്യ ഏഴ് സെഞ്ചുറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരേ നേടുന്ന ആദ്യ താരമായിരിക്കുകയാണ് പോപ്പ്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനോ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കോ ബ്രയാന്‍ ലാറയ്‌ക്കോ പോലും അവകാശപ്പെടാനില്ലാത്ത നേട്ടം.

ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ രീതിക്കൊത്ത് അടിച്ചുകളിച്ച പോപ്പ് 103 പന്തില്‍ 13 ഫോറും രണ്ടു സിക്‌സുമുള്‍പ്പെടെ 103 റണ്‍സുമായി ക്രീസിലുണ്ട്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും പോപ്പാണ്.

ഒലി പോപ്പിന്റെ ടെസ്റ്റ് സെഞ്ചുറികള്‍

+ആദ്യ സെഞ്ചുറി 2020 ജനുവരി 16-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍- 135* റണ്‍സ്.

+രണ്ടാം സെഞ്ചുറി 2022 ജൂണ്‍ 10-ന് ന്യൂസീലന്‍ഡിനെതിരേ നോട്ടിങ്ങാമില്‍- 145 റണ്‍സ്. 

+മൂന്നാം സെഞ്ചുറി 2022 ഡിസംബര്‍ ഒന്നിന് പാകിസ്താനെതിരേ റാവല്‍പിണ്ഡിയില്‍- 108 റണ്‍സ്.

+നാലാം സെഞ്ചുറി 2023 ജൂണ്‍ ഒന്നിന് ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡിനെതിരേ- 205 റണ്‍സ്. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ ഏക ഇരട്ട സെഞ്ചുറിയും ഇതായിരുന്നു.

+ഇന്ത്യയ്‌ക്കെതിരെയായിരുന്നു പോപ്പിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി. 2024 ജനുവരി 25-ന് ഹൈദരാബാദില്‍- 196 റണ്‍സ്. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് അന്ന് പോപ്പ് വീണു.

+ആറാം സെഞ്ചുറി 2024 ജൂലായ് 18-ന് നോട്ടിങ്ങാമില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു. നോട്ടിങ്ങാം ഗ്രൗണ്ടില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 121 റണ്‍സാണ് അന്ന് താരം നേടിയത്. ഏഴാം സെഞ്ചുറി ഇപ്പോള്‍ ലങ്കയ്‌ക്കെതിരെയും.