ഹരാരെ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശ് കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള വേദിയിൽ നടത്തണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസ് ചർച്ചയ്ക്കുശേഷമാണ് ബംഗ്ലാദേശ് നിലപാട് ആവർത്തിച്ചത്. എന്നാൽ, ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് ഐസിസി വ്യക്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിബി അംഗം നജ്മുൾ ഇസ്ലാം.

To advertise here,

ബംഗ്ലാദേശ് ടി20 ലോകകപ്പിൽ കളിച്ചാലും ഇല്ലെങ്കിലും ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമായി ലാഭമോ നഷ്ടമോ ഇല്ലെന്ന് നജ്മുൾ ഇസ്ലാം പ്രതികരിച്ചു. ബിസിബി ഫിനാൻസ് കമ്മിറ്റി ചെയർമാനായ നജ്മുൾ ഇസ്ലാം കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം, ബംഗ്ലാദേശ് കളിച്ചാലും ഇല്ലെങ്കിലും ബോർഡിന് ലാഭമോ നഷ്ടമോ ഇല്ല. - നജ്മുൾ പറഞ്ഞു.

അതേസമയം ക്രിക്കറ്റ് താരങ്ങൾക്ക് ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവർ കളിച്ചാൽ, അവർക്ക് മാച്ച് ഫീ ലഭിക്കും. അവർ നന്നായി കളിച്ചാൽ, ഐസിസി നിയമങ്ങൾ പ്രകാരം അവർക്ക് അർഹതപ്പെട്ടത് ലഭിക്കുകയും ചെയ്യും. ആ പണം ബോർഡിന്റേതല്ല. - അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെയൊരു സാഹചര്യത്തിൽ ബിസിബി കളിക്കാർക്ക് നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിന് നജ്മുളിന്റെ മറുപടിയിങ്ങനെ. മത്സരഫലങ്ങൾ തങ്ങൾക്ക് അനുകൂലമായില്ലെങ്കിൽപ്പോലും താരങ്ങളുടെ തയ്യാറെടുപ്പ്, പരിശീലനം, ലൊജിസ്റ്റിക്സ് എന്നിവയ്ക്കായി ബോർഡ് ഇതിനകം കോടിക്കണക്കിന് പണം ചെലവഴിക്കുന്നുണ്ട്. ഞാൻ അവർക്കായി ചെലവഴിക്കുന്ന കോടികൾ തിരികെ ചോദിക്കുന്നുണ്ടോ?- നജ്മുൾ ചോദിച്ചു.

ലോകകപ്പിലെ വേദി മാറ്റം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ മുൻ താരം തമീം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്ന് വിളിച്ച് വിവാദത്തിലായ ആളാണ് നജ്മുൾ. ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻ താരം തമീം ഇഖ്ബാൽ രംഗത്തെത്തിയിരുന്നു. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടർമാരിലൊരാളായ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫെയ്സ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം.

അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥ്യം വഹിക്കുന്നത്. ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും അവസാനമത്സരം മുംബൈയിലുമാണ്. ബംഗ്ലാദേശ് വേദിമാറ്റമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.