മെല്‍ബണ്‍: മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയെ കരകയറ്റാന്‍ ഒരു 21-കാരന്‍ വേണ്ടി വന്നു. മുങ്ങിക്കൊണ്ടിരുന്ന കപ്പലിനെ തന്റെ സെഞ്ചുറിയിലൂടെ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന വിശാഖപട്ടണക്കാരന്‍ തീരത്തെത്തിച്ചു. ഇതിന് സാക്ഷിയായി കണ്ണീരോടെ ഗാലറിയില്‍ പിതാവ് മുത്തിയാല റെഡ്ഡിയുണ്ടായിരുന്നു. 

To advertise here,

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്നതിന്റെ സമ്മര്‍ദത്തിനിടയില്‍ നാല് ടെസ്റ്റിന്റെ പരിചയസമ്പത്ത് മാത്രമുള്ള നിതീഷ് കിട്ടിയ അവസരത്തില്‍ തന്റെ മികവ് തെളിയിക്കുകയായിരുന്നു. 171 പന്തില്‍ 21-കാരന്‍ മൂന്നക്കം പിന്നിട്ടു. ഏറെനേരം മുള്‍മുനയില്‍ നിലനിന്ന ശേഷമായിരുന്നു നൂറിലെത്തിയത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിതീഷ് അല്‍പം സമ്മര്‍ദത്തിലായി. വാഷിങ്ടണ്‍ സുന്ദര്‍ കൂടി പുറത്തായതോടെ സമ്മര്‍ദം കൂടി. പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ഒരു എല്‍ബിഡബ്ല്യു നിതീഷ് അതിജീവിച്ചു. ഇതോടെ ടെന്‍ഷന്‍ വീണ്ടും കൂടി. നിതീഷിന്റെ അച്ഛന്‍ പ്രാര്‍ഥനകളോടെ കാണികള്‍ക്കിടയില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ ക്യാമറക്കണ്ണുകള്‍ തിരിഞ്ഞു.

പാറ്റ് കമ്മിന്‍സന്റെ ഓവറില്‍ ജസ്പ്രീത് ബുംറയ്ക്ക് സ്‌ട്രൈക്ക് നല്‍കി നിതീഷ് അടുത്ത അബദ്ധം ചെയ്തു. ആ ഓവറില്‍ ബുംറ പുറത്തായി. പിന്നീട് ക്രീസെലിത്തിയത് സിറാജായിരുന്നു. കമ്മിന്‍സിന്റെ ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ സിറാജ് അതിജീവിച്ചതോടെ എല്ലാവരുടേയും ശ്വാസം നേരെവീണു. ആ ഒരൊറ്റ വിക്കറ്റ് കൂടി വീണിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ നിതീഷിന് ക്രീസ് വിടേണ്ടി വരുമായിരുന്നു. പിന്നാലെ അടുത്ത ഓവറില്‍ ബോളണ്ടിനെ ബൗണ്ടറിയിലേക്ക് പറത്തി നിതീഷ് ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സന്തോഷക്കണ്ണീരോടെ അച്ഛന്‍ കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി. 

കുടുംബത്തെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ട ഒരു ദിവസമാണ് ഇതെന്നും തുടര്‍ച്ചായി വിക്കറ്റുകള്‍ പോയപ്പോള്‍ ആശങ്കയിലായെന്നും മുത്തിയാല റെഡ്ഡി പ്രതികരിച്ചു. '15 വയസ് മുതല്‍ ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് നിതീഷ്. ഇപ്പോഴിതാ അവന്റെ പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ എത്തി നില്‍ക്കുന്നു. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചതിന് ഒരുപാട് നന്ദി.'-മുത്തിയാല കൂട്ടിച്ചേര്‍ത്തു.

നേരത്തെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ പുഷ്പ സ്റ്റൈലിലാണ് നിതീഷ് ആഘോഷിച്ചത്. കൈയ്ക്ക് പകരം ബാറ്റ് താടിക്ക് താഴെ വെച്ചായിരുന്നു നിതീഷിന്റെ അല്ലു സ്‌റ്റൈല്‍ ആഘോഷം. ഈ പരമ്പരയില്‍ പല തവണ നാല്‍പതുകളിലെത്തിയെങ്കിലും അതൊന്നും അര്‍ധ സെഞ്ചുറിയിലെത്തിക്കാന്‍ നിതീഷിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും നിതീഷാണ്.