മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. കഴിഞ്ഞ ടെസ്റ്റുകളിലെല്ലാം ഓപ്പണറായി കളിച്ച രാഹുല്‍ ഇത്തവണ രോഹിത് പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായാണ് കളിക്കാനിറങ്ങിയത്. 

To advertise here,

'ബാറ്റിങ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ മാത്രം നിങ്ങള്‍ എന്ത് തെറ്റ് ചെയ്തു?' എന്നായിരുന്നു രാഹുല്‍ ക്രീസിലെത്തിയയുടനെ ലിയോണിന്റെ ചോദ്യം. ഇതിന് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. 42 പന്തുകള്‍ നേരിട്ട രാഹുല്‍ 24 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. 15-ാം ഓവറിലെ അവസാന പന്തില്‍ പാറ്റ് കമ്മിന്‍സിനെ നേരിടാനുള്ള രാഹുലിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. 

ആദ്യ മൂന്ന് ടെസ്റ്റിലും യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുലായിരുന്നു ഓപ്പണിങ്ങില്‍ ഇറങ്ങിയത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇരുവരും പടുത്തുയര്‍ത്തിയ 201 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം ടെസ്റ്റില്‍ രോഹിത് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഓപ്പണിങ് സഖ്യം തുടരുകയായിരുന്നു. 

ആറാം നമ്പറില്‍ ഇറങ്ങുകയാണെന്ന് സ്വയം തീരുമാനിച്ച രോഹിതിന് പക്ഷേ, രണ്ടാമത്തേയും മൂന്നാമത്തേയും ടെസ്റ്റുകളില്‍ തിളങ്ങാനായില്ല. ഇതോടെ നാലാം ടെസ്റ്റില്‍ രോഹിത് വീണ്ടും ഓപ്പണറായി തന്നെ ക്രീസിലെത്തി. അപ്പോഴും പരാജയം തന്നെയായിരുന്നു ഫലം. അഡ്‌ലെയ്ഡില്‍ 3, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ബ്രിസ്‌ബെയ്‌നില്‍ ഒരിന്നിങ്‌സില്‍ കളിച്ച് നേടിയത് 10 റണ്‍സ് മാത്രം. മെല്‍ബണിലെത്തിയപ്പോഴും ആദ്യ ഇന്നിങ്‌സില്‍ അഞ്ച് പന്ത് നേരിട്ട് മൂന്ന് റണ്‍സിന് പുറത്തായി.