ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ തിരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി20 തുടങ്ങിയ മൂന്ന് ക്രിക്കറ്റ് രൂപങ്ങളിലും നജ്മുല്‍ ഹുസൈന്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍. ഷാക്കിബുല്‍ ഹസ്സന്‍ കളിക്കുമോ എന്നതിലുള്ള അനിശ്ചിതത്വം കാരണമാണ് നജ്മുലിനെ സ്ഥിരം ക്യാപ്റ്റനായി നിശ്ചയിക്കാന്‍ കാരണം. 

To advertise here,

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ലോകകപ്പിനിടെ ഷാക്കിബ് അല്‍ ഹസന് കാഴ്ചാപ്രശ്‌നം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിങ്കപ്പുരിലും ബ്രിട്ടനും ചികിത്സ തേടാന്‍ ഷാക്കിബ് നിര്‍ബന്ധിതനായി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ടി20 പരമ്പരകള്‍ തുടങ്ങി പല കളികളും ഷാക്കിബിന് നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ തിരിച്ചുവരവിലുള്ള അനിശ്ചിതത്വമാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. അടുത്തിടെ ന്യൂസീലന്‍ഡിനെതിരെ നടന്ന ഹോം, എവേ ടൂര്‍ണമെന്റില്‍ ഇരുപത്തഞ്ചുകാരനായ നജ്മുലായിരുന്നു ക്യാപ്റ്റന്‍. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഷാക്കിബാണ് തങ്ങളുടെ ആദ്യ ചോയ്‌സെന്നും എന്നാല്‍ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഒഴിവാക്കണമെന്ന് കരുതിയാണ് നജ്മുലിനെ ക്യാപ്റ്റനായി പരിഗണിച്ചതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശിന് ഈ വര്‍ഷം 14 ടെസ്റ്റുകളും ഒന്‍പത് ഏകദിനങ്ങളും ഇരുപതോളം ടി20 മത്സരങ്ങളുമുണ്ട്. ടി20 ലോകകപ്പും ഈ വര്‍ഷമുണ്ട്.