മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസൺ ചരിത്രമെഴുതിയപ്പോൾ മുംബൈ തരിപ്പണമായി. 103 റൺസിനാണ് ചെന്നൈയുടെ ജയം. ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈ 104 റൺസിന് പുറത്തായി. അകീൽ ഹൊസെയ്ൻ നാലുവിക്കറ്റെടുത്ത് തിളങ്ങി. നേരത്തേ സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ 200 കടത്തിയത്. താരം 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ കൂടിയാണ് സഞ്ജു. പരിക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച കളിക്കാനിറങ്ങിയിരുന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ തുടക്കത്തിൽ തന്നെ ചെന്നൈ ബൗളർമാർ വിറപ്പിച്ചു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറി. അതോടെ 11 റൺസിനിടെ തന്നെ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റൺ ഡി കോക്ക്(7), ഡാനിഷ് മലേവാർ(0),നമാൻ ധിർ(0) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ സൂര്യകുമാറും തിലക് വർമയുമാണ് മുംബൈയെ മുന്നോട്ടുനയിച്ചത്. ഇരുവരും ശ്രദ്ധയോടെ ബാറ്റേന്തിയതോടെ ടീം അമ്പത് കടന്നു. 11 ഓവറിൽ 78-3 എന്ന നിലയിലായിരുന്നു മുംബൈ.
പിന്നീട് ചെന്നൈ ബൗളർമാർ മിന്നിച്ചതോടെ മുംബൈ തകർന്നടിഞ്ഞു. തിലക് വർമ 37 റൺസുമായി പുറത്തായി. പിന്നാലെ ഹാർദിക് പാണ്ഡ്യ(1),ഷെർഫെയ്ൻ റൂഥർഫോർഡ്(0) എന്നിവരും കൂടാരം കയറി. മുംബൈയുടെ ഏക പ്രതീക്ഷയായിരുന്ന സൂര്യകുമാറും പുറത്തായതോടെ ടീം പരാജയം മണത്തു. താരം 30 പന്തിൽ നിന്ന് 36 റൺസെടുത്തു. 13.1 ഓവറിൽ 87-7 എന്ന നിലയിലായിരുന്നു മുംബൈ. ശേഷിക്കുന്ന വിക്കറ്റുകൾ കൂടി വീഴ്ത്തി ചെന്നൈ ജയം സ്വന്തമാക്കി. ഒടുക്കം 104 റൺസിന് മുംബൈ പുറത്തായി. ചെന്നൈക്കായി അകീൽ ഹൊസെയിൻ നാലുവിക്കറ്റെടുത്ത് തിളങ്ങി. നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് നാലുവിക്കറ്റെടുത്തത്.
നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെത് തകർപ്പൻ തുടക്കമായിരുന്നു. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും അടിച്ചുകളിച്ചതോടെ സ്‌കോർ കുതിച്ചു. 14 പന്തിൽ നിന്ന് 22 റൺസെടുത്ത് ഗെയ്ക്വാദ് പുറത്തായി. പിന്നാലെ സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നീടിറങ്ങിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് വെടിക്കെട്ടൊരുക്കി. ഏറെക്കുറെ ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ശിവം ദുബെ വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്‌കോർ നൂറുകടത്തി. പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 11 പന്തിൽ നിന്ന് 21 റൺസെടുത്ത് ബ്രവിസും പിന്നാലെ കൂടാരം കയറി.
അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്താണ് മലയാളി താരം പിന്നീട് സ്‌കോർ ഉയർത്തിയത്. സിക്‌സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. 16-ാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 15 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ കാർത്തിക് 18 റൺസെടുത്തും ജാമി ഓവർട്ടൺ 15 റൺസെടുത്തും മടങ്ങി. അവസാനഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. അവസാന ഓവറിൽ 16 റൺസോടെ താരം സെഞ്ചുറി പൂർത്തിയാക്കി. സഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു.
Content Highlights: Mumbai Indians vs Chennai Super Kings, ipl match
Published: 23 Apr 2026, 11:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented