എം.എസ് ധോനിയില്ലാതെ ചെന്നൈ സൂപ്പർ കിങ്സ് ഇല്ലെന്ന് ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ പറഞ്ഞു. 'ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയും അതിനിടയിലുള്ള എല്ലാ സാഹചര്യങ്ങളിലൂടെയും ഞങ്ങൾ ഒരുമിച്ച് നടക്കുകയും വളരുകയും ചെയ്തു. ഞങ്ങളുടെ ബന്ധം ഇത്രയധികം ശക്തമായിരിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ. ഞങ്ങൾ പരസ്പരം ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാറില്ല. ആ വിശ്വാസമാണ് ഈ യാത്ര സാധ്യമാക്കിയത്'-ശ്രീനിവാസൻ പറഞ്ഞു.

To advertise here,

2008-ലെ പ്രഥമ ഐപിഎൽ ലേലത്തിൽ ധോനിയെ ഫ്രാഞ്ചൈസിയിലേക്ക് കൊണ്ടുവരാനുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി തുടരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു.

'2008-ൽ, ധോനി സി.എസ്.കെയുടെ ഭാഗമാകണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. അതാണ് ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് പിന്നീട് തെളിഞ്ഞു. അദ്ദേഹം ഫ്രാഞ്ചൈസിക്കു സമ്മാനിച്ച നേട്ടങ്ങൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം എങ്ങനെയുള്ള ഒരു മനുഷ്യനാണ് എന്നതുകൊണ്ടാണ് അത്. ധോനി എപ്പോഴും ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കും. ഇവിടം എപ്പോഴും അദ്ദേഹത്തിന്റെ വീടായിരിക്കും.'

ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സംയുക്ത റെക്കോഡായ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് സി.എസ്.കെയെ നയിച്ച ധോനി, പുതിയ തലമുറയിലെ കളിക്കാരിലേക്ക് ക്രമേണ മാറിക്കൊണ്ടിരിക്കുന്ന ഒരു സ്‌ക്വാഡിന് തന്റെ അനുഭവസമ്പത്ത് പകർന്നു നൽകാനാണ് ഇനി ശ്രമിക്കുന്നത്-ശ്രീനിവാസൻ പറഞ്ഞു.

18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമമിട്ട് കൊണ്ടാണ് ധോനി ഐ.പി.എൽ നിന്ന് വിരമിച്ചത്. അടുത്ത ഐപിഎൽ സീസണിൽ ധോനി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്മെന്റാണ് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്മെന്റ് ഇക്കാര്യം പുറത്തുവിട്ടത്.

ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം തിങ്കളാഴ്ച  അവസാനിക്കാനിരിക്കെയാണ് ചെന്നൈയുടെ നിർണായക തീരുമാനം. 2008 ഏപ്രിൽ 19ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് ധോനി ആദ്യമായി ചെന്നൈയുടെ ജെഴ്സിയിൽ അരങ്ങേറിയത്. ചെന്നൈയ്ക്ക് വിലക്ക് ലഭിച്ച 2016-17 സീസണിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനായും  കളിച്ചു.

ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2010, 2011, 2018, 2021, 2023 സീസണുകളിൽ  ടീം കിരീടം ചൂടി. രണ്ട് ചാമ്പ്യൻസ് ലീഗ് ടി 20 കിരീടങ്ങളിലേക്കും ടീമിനെ നയിച്ചു. 278 മത്സരങ്ങളിൽ 38.30 ബാറ്റിങ് ശരാശരിയിൽ 5439 റൺസും സ്വന്തമാക്കി. ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും തിളങ്ങി.