ഹൈദരാബാദ്: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി നൽകി ഓസീസ് താരം ട്രാവിസ് ഹെഡിന്റെ പിന്മാറ്റം. അടുത്ത സീസണിൽ കളിക്കാനില്ലെന്ന് വെടിക്കെട്ട് ബാറ്ററായ ട്രാവിസ് ഹെഡ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെ അറിയിച്ചതായി ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് കൂട്ടുകെട്ടായ അഭിഷേക് ശർമ-ട്രാവിസ് ഹെഡ് സഖ്യത്തിന്റെ ബാറ്റിങ് വിരുന്ന് അടുത്ത സീസണിൽ ആരാധകർക്ക് കാണാനാകില്ല.

To advertise here,

ഓസ്‌ട്രേലിയയുടെ തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം പരിഗണിച്ചാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ഹെഡ് തീരുമാനിച്ചത്. അതല്ലെങ്കിൽ ജോലിഭാരം താങ്ങാനാകില്ലെന്നും ഹെഡ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം 20 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. കൂടാതെ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ആഷസ് പരമ്പര, ഏകദിന ലോകകപ്പ് എന്നിവയും ഓസ്‌ട്രേലിയയ്ക്ക് മുന്നിലുണ്ട്.

2024-ലെ താരലേലത്തിൽ 6.8 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഹെഡിനെ സ്വന്തമാക്കിയത്. 2025-ലെ താരലേലത്തിന് മുന്നോടിയായി 14 കോടി രൂപയ്ക്കാണ് ഹെഡിനെ നിലനിർത്തിയത്. ഐപിഎൽ നിയമങ്ങൾ പ്രകാരം ഹെഡിനെ റിലീസ് ചെയ്യുന്നതോടെ ഇത്രയും തുക ഹൈദരാബാദിന് ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിൽ ഉപയോഗിക്കാനാകും. ഹെൻ​റിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), നിതീഷ് കുമാർ റെഡ്ഡി (ആറ് കോടി) എന്നീ താരങ്ങളെ ഹൈദരാബാദ് നിലനിർത്തിയിട്ടുണ്ട്.