ചെന്നൈ: എം.എസ്. ധോനിയെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്. ധോനി ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് റുതുരാജ് കുറിപ്പ് പങ്കുവെച്ചത്. ലാളിത്യം എന്ന വാക്കിന്റെ യഥാർഥ അർഥം താൻ പഠിച്ചത് ധോനിയിൽ നിന്നാണെന്നും ധോനിയുടെ പെരുമാറ്റമാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും റുതുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

To advertise here,

'ലാളിത്യം… 2019-ൽ ഞാൻ ആദ്യമായി ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയപ്പോൾ നിങ്ങളെ അടുത്തുനിന്ന് നിരീക്ഷിച്ചതിലൂടെയാണ് ഈ വാക്കിന്റെ യഥാർഥ അർത്ഥം ഞാൻ മനസിലാക്കിയത്. വർഷങ്ങൾകൊണ്ട് നിങ്ങൾ നേടിയെടുത്ത എല്ലാ നേട്ടങ്ങൾക്കുമപ്പുറം നിങ്ങൾ സ്വയം പെരുമാറുന്ന രീതിയാണ് എന്നിൽ വലിയ സ്വാധീനം ചെലുത്തിയത്. നിങ്ങൾക്കൊപ്പം ഡ്രസ്സിങ് റൂമും ഗ്രൗണ്ടും പങ്കിട്ടത് സ്വപ്‌നതുല്ല്യമായ നിമിഷമാണ്. നിങ്ങൾ എന്നും ഞങ്ങളുടെ തലയും ക്യാപ്റ്റനുമായിരിക്കും. എല്ലാത്തിനും നന്ദി മഹി ഭായ്'-റുതുരാജ് കുറിച്ചു.

2019-ലാണ് റുതുരാജ് ചെന്നൈ ടീമിലെത്തുന്നത്. പിന്നീട് ടീമിന്റെ ക്യാപ്റ്റനായി മാറുകയായിരുന്നു. 2024 സീസണിന് മുന്നോടിയായണ് ധോനി ക്യാപ്റ്റൻ സ്ഥാനം റുതുരാജിന് കൈമാറിയത്. അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ട്രോഫികളും ചെന്നൈയ്ക്ക് നേടിക്കൊടുത്ത ധോനി 272 മത്സരങ്ങളിൽ നിന്ന് 5314 റൺസും നേടി.