മഹേന്ദ്ര സിങ് ധോനിയെന്ന രക്ഷകന് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഉടയോൻ എന്നുകൂടിയുണ്ട് അർഥം. സ്വപ്നസുന്ദരമായൊരു കാലത്തിന് ഐ.പി.എല്ലും ചെന്നൈയും അത്രമേൽ കടപ്പെട്ടിരിക്കുന്നു, ഈ നായകനോട്. ഒരു പക്ഷേ, ധോനിയുടെ സ്വപ്‌നസമാനമായ ഇന്നിങ്‌സുകൾ ഇല്ലായിരുന്നെങ്കിൽ, ആ ഉദ്വേഗഭരിതമായ റൺചേസുകൾ ഇല്ലായിരുന്നെങ്കിൽ സി.എസ്.കെ. ഇന്ന് നമ്മൾ കാണുന്ന സി.എസ്.കെ ആകുമായിരുന്നില്ല. ഐ.പി.എൽ ഇത്രമാത്രം ആവേശകരവുമാകുമായിരുന്നില്ല. ധോനിയുടെ അവിസ്മരണീയമായ ചില ഇന്നിങ്‌സുകൾ പരിശോധിക്കാം.

To advertise here,

1. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 48 പന്തിൽ പുറത്താകാതെ 84 റൺസ് (2019)

വേദി: എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

മത്സരഫലം: ആർ.സി.ബി ഒരു റണ്ണിന് വിജയിച്ചു.

ഒരുപക്ഷേ ധോനിയുടെ ഐപിഎൽ കരിയറിലെ ഏറ്റവും അസാധാരണമായ ഇന്നിംഗ്സാണിത്. 162 റൺസ് പിന്തുടർന്ന സി.എസ്.കെ അഞ്ച് വിക്കറ്റിന് 83 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോഴായിരുന്നു ഈ ഒറ്റയാൾ പോരാട്ടം. അവസാന ഓവറിൽ ലക്ഷ്യം 26 റൺസിലേക്ക് എത്തിച്ച ധോനി, ഉമേഷ് യാദവിന്റെ ആദ്യ അഞ്ച് പന്തുകളിൽ നിന്ന് 24 റൺസ് അടിച്ചുകൂട്ടി. എന്നാൽ അവസാന പന്ത് മിസായതോടെ ആർ.സി.ബി ഒരു റണ്ണിന്റെ നാടകീയ വിജയം പിടിച്ചെടുത്തു. ധോനിയുടെ ഐപിഎൽ കരിയറിലെ ഏറ്റവും ഉയർന്ന സ്‌കോറായി ഇത് ഇന്നും തുടരുന്നു.

2. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 29 പന്തിൽ പുറത്താകാതെ 54 റൺസ് (2010)

വേദി: എച്ച്.പി.സി.എ സ്റ്റേഡിയം, ധർമ്മശാല

മത്സരഫലം: സി.എസ്.കെ ആറ് വിക്കറ്റിന് വിജയിച്ചു.

2010-സീസണിൽ പ്ലേഓഫ് യോഗ്യത ഉറപ്പിക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 193 റൺസ് പിന്തുടർന്ന സി.എസ്.കെയ്ക്കായി ധോനി നിർണായകമായ ഫിനിഷിങ്ങാണ് കാഴ്ചവെച്ചത്. സുരേഷ് റെയ്നയും സുബ്രഹ്‌മണ്യം ബദരീനാഥും പുറത്തായതിനുശേഷം ബാറ്റിങ്ങിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ധോനി, 29 പന്തിൽ പുറത്താകാതെ 54 റൺസ് നേടി. ഇർഫാൻ പത്താനെ സിക്‌സർ പറത്തി വിജയം ഉറപ്പിച്ച് സി.എസ്.കെയുടെ കന്നി ഐപിഎൽ കിരീടത്തിലേക്കുള്ള കുതിപ്പിന് തുടക്കമിടുകയും ചെയ്തു.

3. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 34 പന്തിൽ പുറത്താകാതെ 70 റൺസ് (2018)

വേദി: ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

മത്സരഫലം: സി.എസ്.കെ അഞ്ച് വിക്കറ്റിന് വിജയിച്ചു.

 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സി.എസ്.കെയുടെ ഐപിഎൽ തിരിച്ചുവരവിൽ, തന്റെ ഫിനിഷിംഗ് മികവ് ധോനി ഒരിക്കൽക്കൂടി ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തു. 206 റൺസ് പിന്തുടർന്ന സി.എസ്.കെക്ക് നാല് വിക്കറ്റുകൾ നഷ്ടമാവുകയും ഇന്നിങ്സിന്റെ വേഗത കുറയുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു ധോനിയുടെ വരവ്. അമ്പാട്ടി റായിഡുവിനൊപ്പം ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റിയ ധോനി, ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെ 34 പന്തിൽ പുറത്താകാതെ 70 റൺസ് അടിച്ചുകൂട്ടി. രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഒരു തകർപ്പൻ സിക്‌സറിലൂടെ വിജയറൺ കുറിക്കുകയും ചെയ്തു.

 

4. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 44 പന്തിൽ പുറത്താകാതെ 79 റൺസ് (2018)

വേദി: ഐ.എസ്. ബിന്ദ്ര സ്റ്റേഡിയം, മൊഹാലി

മത്സരഫലം: കിങ്‌സ് ഇലവൻ പഞ്ചാബ് നാല് റൺസിന് വിജയിച്ചു.

ആർ.സി.ബിക്കെതിരായ താണ്ഡവത്തിന് തൊട്ടടുത്ത ദിവസം ധോനി മറ്റൊരു അവിസ്മരണീയ പ്രകടനം പുറത്തെടുത്തു. 198 റൺസ് പിന്തുടർന്ന സി.എസ്.കെ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായി. ആറ് ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 44 പന്തിൽ പുറത്താകാതെ 79 റൺസ് നേടി ധോനി പ്രത്യാക്രമണം നടത്തി. അദ്ദേഹം സി.എസ്.കെയെ വിജയത്തിന്റെ വക്കോളമെത്തിച്ചെങ്കിലും, നാല് റൺസിന് വിജയം പിടിച്ചെടുക്കാൻ പഞ്ചാബിന് സാധിച്ചു.

5. രാജസ്ഥാൻ റോയൽസിനെതിരെ 46 പന്തിൽ പുറത്താകാതെ 75 റൺസ് (2019)

വേദി: എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ

മത്സരഫലം: സി.എസ്.കെ എട്ട് റൺസിന് വിജയിച്ചു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട സി.എസ്.കെ നാല് വിക്കറ്റിന് 88 റൺസ് എന്ന നിലയിൽ പതറുമ്പോൾ, അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്നതിന് മുൻപ് ഇന്നിംഗ്സ് പടുത്തുയർത്താനുള്ള ഉത്തരവാദിത്തം ധോനി ഏറ്റെടുത്തു. നാല് ഫോറും നാല് സിക്‌സറുകളും ഉൾപ്പെട്ട 46 പന്തിൽ പുറത്താകാതെ നേടിയ 75 റൺസ് സി.എസ്.കെയെ അഞ്ച് വിക്കറ്റിന് 175 എന്ന സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും എട്ട് റൺസ് അകലെ വീണു. നിർണായകമായത് ധോനിയുടെ ഇന്നിങ്സായിരുന്നു.