പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ ടീമിന് ആശ്വാസംപകരുന്ന വാർത്തയുമായി ബൗളിങ് കോച്ച് മോണെ മോർക്കൽ. പരിക്കിലുള്ള മുൻനിരബാറ്റർ ശുഭ്മാൻ ഗിൽ സുഖംപ്രാപിച്ചുവരുകയാണെന്നും ഒന്നാം ടെസ്റ്റിൽ കളിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മോർക്കൽ പറഞ്ഞു. മത്സരംതുടങ്ങുന്നതിനു തൊട്ടുമുൻപുമാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ എന്നും മോർക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

ഓപ്പണർ രോഹിത് ശർമ ഒന്നാം ടെസ്റ്റിൽ കളിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഗില്ലും കളിക്കാതിരുന്നാൽ ഇന്ത്യയുടെ പദ്ധതികളെ ബാധിക്കും. സമീപകാലത്ത് ടെസ്റ്റിൽ ഉജ്ജ്വലഫോമിലുള്ള ഗിൽ കഴിഞ്ഞ 10 മത്സരങ്ങളിലെ 19 ഇന്നിങ്‌സിൽ 806 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിശീലനമത്സരത്തിനിടെ വിരലിന് പരിക്കേറ്റതോടെയാണ് ഗില്ലിന് ആദ്യടെസ്റ്റിൽ കളിക്കാനാകില്ലെന്ന ആശങ്കയുയർന്നത്.

പരിക്കുകാരണം ഒരുവർഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇല്ലാത്ത പേസ് ബൗളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെപ്പറ്റിയും മോർക്കൽ സൂചനനൽകി. ഈയിടെ രഞ്ജി ട്രോഫിയിൽ ബംഗാളിനുവേണ്ടി കളിച്ച ഷമി ഫിറ്റ്‌നസ് തെളിയിച്ചുകഴിഞ്ഞു. രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഷമിയെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ പരിചയസമ്പന്നർക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് പേസ് ബൗളർമാരായി ടീമിലുള്ളത്. ഓൾറൗണ്ടറായ നിതീഷിനെ ആദ്യടെസ്റ്റിൽ കളിപ്പിക്കാൻ സാധ്യതയുണ്ടെന്നും മോർക്കൽ പറഞ്ഞു. അതിനിടെ, മറ്റൊരു പേസർ യാഷ് ദയാലിനെ റിസർവ് ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഖലീൽ അഹമ്മദിനു പകരമായാണ് യാഷിനെ ടീമിലെടുത്തത്.