മുംബൈ: പത്തു വർഷത്തോളം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിച്ച ശേഷമാണ് എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ രാജിവെച്ചിരിക്കുന്നത്. ഗുവാഹത്തിയിൽ വെച്ച് നടന്ന ബിസിസിഐ റിവ്യൂ യോഗത്തിന് ശേഷമായിരുന്നു താരത്തിന്റെ തീരുമാനം.

To advertise here,

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഹെഡ് കോച്ച് അമോൽ മജുംദാറും പങ്കെടുത്ത യോഗത്തിൽ ഒരു ഫോർമാറ്റിൽ (പ്രത്യേകിച്ച് ഏകദിനങ്ങളിൽ) ക്യാപ്റ്റനായി തുടരാൻ ബിസിസിഐ ഹർമൻപ്രീതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഓഫർ നിരസിച്ച 37-കാരി, മണിക്കൂറുകൾക്കുള്ളിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും കോച്ച് അമോൽ മജുംദാറിന്റെയും പ്രകടനം വിലയിരുത്താനാണ് ബിസിസിഐ യോഗം ചേർന്നത്. 2025-ൽ ഇന്ത്യയ്ക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്തത് ഹർമൻപ്രീതിന്റെ നേതൃത്വത്തിലായിരുന്നു. എങ്കിലും, തുടർച്ചയായ രണ്ട് ട്വന്റി20 ലോകകപ്പുകളിൽ സെമിഫൈനൽ കാണാതെ പുറത്തായത് അവർക്ക് മേൽ വലിയ സമ്മർദം സൃഷ്ടിച്ചിരുന്നു. 2028-ലെ ട്വന്റി20 ലോകകപ്പും അതേ വർഷം നടക്കുന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സും ലക്ഷ്യമിട്ട് സ്മൃതി മന്ദാനയെ കേന്ദ്രീകരിച്ച് പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനാണ് ബിസിസിഐയുടെ തീരുമാനം.

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർമൻപ്രീത് കൗർ തീരുമാനമറിയിച്ചത്. 'ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും നായിക സ്ഥാനത്തുനിന്ന് ഞാൻ ഇന്ന് പടിയിറങ്ങുന്നു' എന്ന് അവർ കുറിച്ചു. ഇത് എളുപ്പമുള്ളൊരു തീരുമാനമായിരുന്നില്ലെന്നും, വർഷങ്ങളുടെ ഓർമകളും വികാരങ്ങളും ത്യാഗങ്ങളും നിറഞ്ഞ നിമിഷങ്ങളാണിവയെന്നും അവർ കൂട്ടിച്ചേർത്തു. ടീമിനായി തനിക്ക് കഴിയുന്നതെല്ലാം നൽകിയിട്ടുണ്ടെന്നും, ക്യാപ്റ്റൻസി അവസാനിച്ചെങ്കിലും തന്നിലെ ക്രിക്കറ്റിനോടുള്ള സ്‌നേഹവും യാത്രയും തുടരുമെന്നും അവർ വ്യക്തമാക്കി. ഹർമൻപ്രീത് സ്ഥാനമൊഴിഞ്ഞതോടെ സ്മൃതി മന്ദാന ടീമിന്റെ പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കും.