ഇംഗ്ലണ്ടിലെ യുവജനങ്ങളിൽ ഏഴ് തരത്തിലുള്ള കാൻസർ കേസുകൾ കുത്തനെ ഉയർന്നതായി പഠനം. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഓരോ വർഷവും ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. വേൾഡ് കാൻസർ റിസർച്ച് ഫണ്ടിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, യു.എസ്, ഡച്ച് എന്നിവിടങ്ങളിൽ നിന്നുള്ള കാൻസർ ഡാറ്റ വിശകലനം ചെയ്തതിൽ ഇംഗ്ലണ്ടിൽ ഏഴും യു.എസിൽ അഞ്ചും നെതർലൻഡ്സിൽ നാലും തരത്തിലുള്ള കാൻസർ കേസുകളിൽ ഗണ്യമായ വർധനവുണ്ടെന്ന് പറയുന്നു. പ്രായം കുറഞ്ഞവരിലെ കാൻസർ ബാധയിൽ വൻവർധനവാണെന്നും പഠനത്തിലുണ്ട്.

To advertise here,

ഇംഗ്ലണ്ടിൽ 2001 മുതൽ 50 വയസ്സിന് താഴെയുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്നവരുടെ എണ്ണം നാലിരട്ടിയായി വർധിച്ചു. അതേസമയം, പ്രാരംഭ ഘട്ടത്തിലുള്ള കുടൽ, വൃക്ക, ഗർഭപാത്ര കാൻസർ രോഗനിർണ്ണയങ്ങൾ ഇരട്ടിയിലധികമായെന്നും പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുള്ളവരിലും കാൻസർ വർധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രായം കുറഞ്ഞവരിൽ ഇതിന്റെ തോത് കൂടുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഇംഗ്ലണ്ടിൽ 50 വയസ്സിന് താഴെയുള്ള പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസർ നിരക്ക് 2001-ൽ 1 ലക്ഷം ആളുകളിൽ ഒരാളിൽ നിന്ന് 2023 ആയപ്പോൾ 1 ലക്ഷത്തിൽ 3.6 ആയി ഉയർന്നു. അതേ കാലയളവിൽ, 50 വയസ്സിന് താഴെയുള്ളവരിലെ കുടലിലെ കാൻസർ നിരക്ക് 2001-ൽ 1 ലക്ഷം ആളുകളിൽ 3.9 എന്നതിൽ നിന്ന് 2023 എത്തിയപ്പോൾ 1 ലക്ഷത്തിൽ 8.4 ആയി കുതിച്ചുയർന്നു. പ്രാരംഭ ഘട്ടത്തിലുള്ള ഗർഭപാത്ര, വൃക്ക കാൻസറുകളും യഥാക്രമം 1 ലക്ഷം ആളുകളിൽ 3.9 ആയും 3 ആയും ഇരട്ടിച്ചു. 50 വയസ്സിന് താഴെയുള്ളവരിലെ സ്തനാർബുദ നിരക്കും വർധിച്ചതായാണ് കണക്കുകൾ പറയുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള പാൻക്രിയാറ്റിക്, കരൾ കാൻസർ കേസുകളിലും വർധനവുണ്ടായിട്ടുണ്ട്.

അമേരിക്കയിൽ 2000 മുതലുള്ള ഔദ്യോഗിക ഡാറ്റ വിശകലനം ചെയ്തതിൽ 50 വയസ്സിന് താഴെയുള്ള രോഗികളിൽ, വൃക്കയിലെ കാൻസർ നിരക്ക് 2000-ൽ 1 ലക്ഷം ആളുകളിൽ 2.5 എന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 5.3 ആയി ഇരട്ടിയിലധികമായി വർധിച്ചതായി കണ്ടെത്തി. അതേസമയം കുടൽ, ഗർഭപാത്ര, പാൻക്രിയാറ്റിക് കാൻസറുകൾ 50%ത്തിലധികം വർധിക്കുകയും സ്തനാർബുദം ഏകദേശം 20% വർധിക്കുകയും ചെയ്തു. നെതർലൻഡ്സിൽ, പ്രാരംഭ ഘട്ടത്തിലുള്ള കുടൽ, വൃക്ക, കരൾ, ഗർഭാശയമുഖ കാൻസർ (cervical cancers) എന്നിവയിൽ ഗണ്യമായ വർധനവുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

അതേസമയം മൂന്ന് രാജ്യങ്ങളിലും പുകവലി നിരക്കിൽ കുറവുണ്ടായതിനെത്തുടർന്ന് 50 വയസ്സിന് താഴെയുള്ളവരിലെ ശ്വാസകോശ കാൻസർ നിരക്ക് കുറഞ്ഞതായും പറയുന്നുണ്ട്.

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവ കാൻസർ കേസുകൾ വർധിക്കുന്നതിൽ പ്രധാന ഘടകമാണ്. ഇതിനൊപ്പം കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിച്ചതും രോഗം നേരത്തെ കണ്ടെത്തുന്നതും കണക്കുകൾ കൂടുന്നതിനു കാരണമായതായി വിലയിരുത്തുന്നു. ഉടനടി പരിഹരിക്കേണ്ട ടൈം ബോംബ് പോലെയാണ് ഈ വിഷയമെന്ന് ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിലെ ഡിജിറ്റൽ ഹെൽത്ത് പ്രൊഫസറും ട്രാൻസ്ലേഷണൽ കാൻസർ ജെനോമിക്സ് ചെയറുമായ മാർക്ക് ലോലർ പറഞ്ഞു.

അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, മദ്യപാനം, പുകവലി, പാരിസ്ഥിതിക ഘടകങ്ങൾ (മാലിന്യങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ജല-വായു മലിനീകരണം എന്നിവ) തുടങ്ങിയ അപകടസാധ്യതകൾ കാൻസർ കേസുകൾ കൂടുന്നതിനു കാരണമായേക്കാമെന്ന് ഗവേഷകർ പറയുന്നു. കാൻസറുകളിൽ ഏകദേശം 40%വും ഇത്തരത്തിൽ മാറ്റം വരുത്താൻ കഴിയുന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.