ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരേ ഐസിസിയെ സമീപിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി. ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പാക് കളിക്കാരെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചാണ് പിസിബിയുടെ നീക്കം. മത്സരത്തിനിടെ വൈഭവ് സൂര്യവംശിയുൾപ്പെടെയുള്ള താരങ്ങളുമായി പാക് കളിക്കാർ വാക് പോരിലേർപ്പെട്ടിരുന്നു. കലാശപ്പോരിൽ 191 റൺസിന് ഇന്ത്യയെ കീഴടക്കിയാണ് പാകിസ്താൻ കിരീടം നേടിയത്.

To advertise here,

പാകിസ്താൻ മുൻ ക്യാപ്റ്റനും അണ്ടർ-19 ടീമിന്റെ മെന്ററുമായ സർഫറാസ് അഹമ്മദ് ഫൈനലിന് ശേഷം ഇന്ത്യൻ താരങ്ങൾക്കെതിരേ രംഗത്തെത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ പെരുമാറ്റം അനുചിതമായിരുന്നില്ലെന്നും ക്രിക്കറ്റ് ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും സർഫറാസ് ആരോപിച്ചു. "ഞങ്ങൾ ഞങ്ങളുടെ വിജയം സ്പോർട്സ്മാൻഷിപ്പോടെ ആഘോഷിച്ചു. ക്രിക്കറ്റ് എപ്പോഴും ശരിയായ സ്പിരിറ്റിൽ കളിക്കണം. ഇന്ത്യ ചെയ്തത് അവരുടെ സ്വന്തം പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു." - സർഫറാസ് മത്സരശേഷം പറഞ്ഞു.

സർഫറാസിന്റെ പ്രതികരണങ്ങൾക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹമ്മദ് നഖ്‌വിയും ഇന്ത്യയ്ക്കെതിരേ തിരിഞ്ഞു. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പാക് കളിക്കാരെ പ്രകോപിപ്പിച്ചുവെന്ന് നഖ്‌വി പറഞ്ഞു. വിഷയത്തിൽ ഐസിസിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് അണ്ടർ-19 ടീമിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് പ്രതികരണം. കളിയും രാഷ്ട്രീയവും വേർതിരിച്ചു നിർത്തണമെന്ന് ബോർഡിനോട് അഭ്യർത്ഥിക്കാൻ പിസിബി ഐസിസിയെ ഔദ്യോഗികമായി സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ കളിക്കാർ പാകിസ്താൻ കളിക്കാരെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. ഈ സംഭവത്തിൽ പാകിസ്താൻ ഔദ്യോഗികമായി ഐസിസിയെ അറിയിക്കും. രാഷ്ട്രീയവും കായികവും എപ്പോഴും വേർതിരിച്ചു നിർത്തണം." - നഖ്‌വി പറഞ്ഞു.

മത്സരത്തിനിടെ ഇരുടീമുകളുടെയും താരങ്ങൾ വാക് പോരിലേർപ്പെട്ടിരുന്നു. വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് നേടിയ ആവേശത്തിൽ അലി റാസയുടെ ആഘോഷം അതിരുവിട്ടത് ചർച്ചയായിരുന്നു. വൈഭവിനു നേരേ ആക്രോശിച്ച റാസ, താരത്തോട് എന്തോ പറയുന്നതും കാണാമായിരുന്നു. ഇതോടെ വൈഭവും റാസയ്ക്കു നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്. മറ്റ് പാക് താരങ്ങളും വൈഭവിനു നേർക്ക് എന്തോ പറയുന്നതും കാണാമായിരുന്നു. എങ്കിലും പ്രശ്‌നം കൂടുതൽ വഷളായില്ല. വൈഭവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. മത്സരത്തിൽ 10 പന്തിൽ നിന്ന് 26 റൺസെടുക്കാനേ വൈഭവിനായുള്ളൂ. റാസ മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയപ്പോഴും റാസ അതിരുവിട്ട ആഘോഷത്തിന് മുതിർന്നു.

അതേസമയം കിരീടമുയർത്തിയ പാകിസ്താൻ അണ്ടർ 19 ടീമിന് വൻ പാരിതോഷികമാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. ടീമിലെ ഓരോ താരത്തിനും ഒരു കോടി പാകിസ്താൻ രൂപ (32 ലക്ഷം ഇന്ത്യൻ രൂപ) വീതം നൽകുമെന്നാണ് പ്രധാനമന്ത്രി ടീമിനെ അറിയിച്ചത്. കിരീടം നേടിയ പാക് ടീമിനും ഒഫീഷ്യൽസിനും ഒരുക്കിയ സ്വീകരണത്തിലാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. പാക് ടീം പരിശീലകനും മാനേജരുമായ സർഫറാസ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കായികരംഗത്ത് മികച്ച ഭാവിയുള്ള ഒരു കൂട്ടം പ്രതിഭാധനരായ കളിക്കാരോടൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്ന് സർഫറാസ് പറഞ്ഞു.