പാക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വിയെ പാകിസ്താന് ആദരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

മൊഹ്സിൻ നഖ്വി | ഫോട്ടോ - x.com/OsintUpdates
കറാച്ചി: പാക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വിയെ പാകിസ്താന് ആദരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്സലന്‍സ് ഗോള്‍ഡ് മെഡല്‍ നല്കി ആദരിക്കുമെന്ന് സംഘാടകര്‍ നിലപാടെടുത്തതായാണ് സൂചന. ഏഷ്യാ കപ്പ് ഫൈനലിലെ ട്രോഫി കൈമാറ്റ വിവാദത്തിനിടെ നഖ്വി എടുത്ത 'തത്വദീക്ഷയെയും ധീരവുമായ നിലപാടിനെയും' അംഗീകരിച്ചാണ് പുരസ്കാരമെന്ന് 'ദി ഇന്‍ഡിപെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
നഖ്വിയുടെ പ്രവൃത്തികള്‍ 'ദേശീയ അഭിമാനം വീണ്ടെടുത്തെ'ന്ന് സിന്ധ്, കറാച്ചി ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍സ് പ്രസിഡന്റ് അഡ്വ. ഗുലാം അബ്ബാസ് ജമാല്‍ പറഞ്ഞു. നഖ്വിയെ ആദരിക്കാനുള്ള തീരുമാനത്തിന് പാകിസ്താനിലെ രാഷ്ട്രീയ-കായിക വൃത്തങ്ങളില്നിന്നെല്ലാം പിന്തുണയുണ്ട്. സംഘാടകര്‍ ഈ പുരസ്കാരത്തെ ആദരവിന്റെ പ്രതീകാത്മകമായ സൂചനയായും ദേശീയ അഭിമാനത്തിന്റെ പ്രഖ്യാപനമായും വിശേഷിപ്പിക്കുന്നു.
കറാച്ചിയില്‍ ഔദ്യോഗിക ചടങ്ങ് നടത്തുമെന്നാണ് വിവരം. പിപിപി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗകര്യത്തിനനുസൃതമായി തീയതി നിശ്ചയിക്കും. ഏഷ്യാകപ്പ് ഫൈനലിനുശേഷം ഇന്ത്യന്‍ ടീം നഖ്വിയില്നിന്ന് ട്രോഫി വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ട്രോഫി കൈവശംവെച്ച അദ്ദേഹം ടീമിന് ആവശ്യമുണ്ടെങ്കില്‍ എസിസി ആസ്ഥാനത്തെത്തി അത് കൈപ്പറ്റട്ടെ എന്ന നിലപാടെടുത്തു. സംഭവത്തില്‍ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തുകയും ഐസിസിയെ സമീപിക്കുകയും ചെയ്തിരുന്നു. നവംബറില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടേക്കും.
Content Highlights: Pakistan's Mohsin Naqvi to Receive Excellence Gold Medal for Asia Cup Trophy Stance
Published: 04 Oct 2025, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented