ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനും ടീം ഓപ്പണറുമായ രോഹിത് ശര്‍മ കോവിഡ് ബാധിതനായതോടെയാണിത്. മായങ്ക് തിങ്കളാഴ്ച രാവിലെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു.

To advertise here,

ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് നിലവില്‍ ഐസൊലേഷനിലുള്ള രോഹിത്തിന് എഡ്ജ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം നഷ്ടമാകുമെന്ന സംശയത്തെ തുടര്‍ന്നാണ് ബാക്കപ്പ് എന്ന നിലയില്‍ മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റാണ് ജൂലായി ഒന്നിന് ആരംഭിക്കുക.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ മായങ്ക് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കെ.എല്‍ രാഹുലിന് പരിക്കേല്‍ക്കുകയും രോഹിത്ത് കോവിഡ് ബാധിതനാവുകയും ചെയ്തതോടെ ഓപ്പണിങ്ങില്‍ ടീമിന് മറ്റൊരു ഓപ്ഷന്‍ ഇല്ലാതായതോടെയാണ് മായങ്കിനെ ടീമിലെടുത്തത്.