ന്യൂഡൽഹി: വൈഭവ് സൂര്യവംശിയെന്ന കൗമാരതാരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. പ്രായം പതിനഞ്ചാണെങ്കിലും ലോകോത്തര ബാളർമാരെ ഇതിനോടകം തന്നെ തകർത്തടിച്ചുകഴിഞ്ഞു വൈഭവ്. ഐപിഎല്ലിൽ ഉജ്ജ്വല ഫോമിൽ തുടരുന്ന താരം അടുത്തുതന്നെ ഇന്ത്യയുടെ സീനിയർ ടീമിലും ഇടംപിടിച്ചേക്കും. ഇപ്പോഴിതാ വൈഭവിനെ കുറിച്ചുള്ള ഒരു ചോദ്യവും അതിന്റെ മറുപടിയുമാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചോദ്യമെത്തിയതാകട്ടെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ഷൂട്ടറുമായ മനു ഭാക്കറിന് മുന്നിലാണ്.
ഡൽഹിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 75-ാം വാർഷികാഘോഷവേളയിലാണ് സംഭവം. വൈഭവിന്റെ പ്രകടനത്തെ കുറിച്ചുള്ള അഭിപ്രായമാണ് ഭാക്കറിനോട് ആരാഞ്ഞത്. ഉടൻ തന്നെ ഷൂട്ടറുടെ മറുപടിയെത്തി. മെന്റർഷിപ്പ് മികച്ചതാണെങ്കിൽ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആളുകൾ നല്ലതാണെങ്കിൽ പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ഞാൻ പറയും. കഴിവുകൾക്ക് പ്രായമില്ല. ആറുപതാമത്തെ വയസ്സിലും ആറാമത്തെ വയസ്സിലും മികച്ച കാര്യങ്ങൾ സംഭവിക്കാം.-മനു ഭാക്കർ എഎൻഐയോട് പറഞ്ഞു.
Folks, she is an Olympic medallist. To ask her what she thinks of Vaibhav Sooryavanshi is unfair on her achievements and her sports. Cricket anyway is the ruling passion of the country, your sports editors do not need another celebrity quote to spin a headline on Sooryavanshi.… https://t.co/Ha4RsO1rf8
— Joy Bhattacharjya (@joybhattacharj) April 27, 2026
അതിനാൽ, ചുറ്റുമുള്ളവർ അദ്ദേഹത്തെ നന്നായി മെന്റർ ചെയ്യുകയും ശരിയായി നയിക്കുകയും ചെയ്താൽ, അദ്ദേഹം ഭാവിയിൽ വലിയ താരമാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മനു ഭാക്കറിന്റെ ഈ പ്രതികരണത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടു. മനു ഭാക്കറിനോട് ഇങ്ങനെയുള്ള ചോദ്യത്തിന്റെ പ്രസക്തി എന്താണെന്നാണ് പലരും ചോദിക്കുന്നത്. മുൻ കെകെആർ ടീം ഡയറക്ടർ ജോയ് ഭട്ടാചാര്യയടക്കം വിഷയത്തിൽ വിയോജിപ്പുമായി രംഗത്തെത്തി.
അവൾ ഒരു ഒളിമ്പിക് മെഡൽ ജേതാവാണ്. വൈഭവ് സൂര്യവംശിയെക്കുറിച്ച് അവൾക്ക് എന്തു തോന്നുന്നു എന്ന് ചോദിക്കുന്നത് അവളുടെ നേട്ടങ്ങളോടും കായികരംഗത്തോടും നീതി പുലർത്തുന്നതല്ല. വൈഭവിനെ കുറിച്ചുള്ള ഒരു തലക്കെട്ട് നൽകാൻ നിങ്ങളുടെ സ്പോർട്സ് എഡിറ്റർമാർക്ക് മറ്റൊരു സെലിബ്രിറ്റിയുടെ ഉദ്ധരണി ആവശ്യമില്ല. അടുത്ത തവണ മനു ഭാക്കറിനെക്കുറിച്ച് വൈഭവ് സൂര്യവംശിയോട് ചോദിച്ചുനോക്കൂ, നിങ്ങൾക്ക് എന്തു പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാണാം.-ജോയ് ഭട്ടാചാര്യ എക്സിൽ കുറിച്ചു.
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡൽ നേട്ടം. മിക്‌സഡ് വിഭാഗത്തിൽ സരബ്‌ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമായി. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങിൽ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാർ സ്വദേശിയായ 22-കാരി മനു ഭാക്കർ 2018 കോമൺവെൽത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വർണജേതാവായിരുന്നു. 2018-ൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പിൽ സ്വർണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സുവർണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ൽ കായിരംഗത്തെ തിളക്കത്തിന് അർജുന അവാർഡും തേടിയെത്തിയിരുന്നു.
Content Highlights: Manu Bhaker commented on 15-year-old cricketer Vaibhav Suryavanshi's potential., Bhaker emphasized that age is just a number with proper mentorship., Joy Bhattacharjya criticized the media for asking a shooter about a cricketer., Manu Bhaker is a historic double Olympic bronze medalist from Paris 2024., The incident highlights ongoing debates regarding celebrity sports journalism.
Published: 28 Apr 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented