ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കുമ്പോള്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയോട് റണ്ണപ്പിനിടെ പന്തില്‍ ഉമ്മ വെയ്ക്കുന്ന ശീലം മാറ്റണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

To advertise here,

പന്ത് മിനുക്കുന്നതിന് ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.

മലിംഗ പന്തില്‍ ഉമ്മ വെയ്ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സച്ചിന്‍, 'പുതിയ ഐ.സി.സി നിയമമനുസരിച്ച് ഒരാള്‍ക്ക് തന്റെ റണ്ണപ്പ് ശീലവും മാറ്റേണ്ടിവരും! എന്തുപറയുന്നു മാലി?' എന്ന് കുറിക്കുകയും ചെയ്തു.

രാജ്യാന്തര കരിയറില്‍ 546 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള മലിംഗ പന്തെറിയുന്നതിനു മുമ്പ് റണ്ണപ്പ് തുടങ്ങുമ്പോള്‍ പന്തില്‍ ഉമ്മ വെയ്ക്കുന്നത് പതിവാണ്. ഉമിനീരുകൊണ്ട് പന്ത് മിനുസപ്പെടുത്തുന്നത് കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയിട്ടുണ്ട്.

അതേസമയം പന്തിന് തിളക്കം കൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന കാര്യം ഐ.സി.സി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ കൂക്കാബുറ ഉമിനീര്‍ വിയര്‍പ്പ് എന്നിവയ്ക്ക് പകരം ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ ബൗളര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന വാക്സ് നിര്‍മിക്കുകയും ചെയ്തിരുന്നു.

Content Highlights: Malinga might have to change run-up routine says Sachin Tendulkar