ലഖ്‌നൗ: പ്ലേ ഓഫിലെത്താനുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി മിച്ചൽ മാർഷിന്റെ മാസ്മരിക പ്രകടനം. ചെന്നൈ പടുത്തുയർത്തിയ 187 റൺസ് 16.4 ഓവറിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മറികടന്നു. 38 പന്തിൽനിന്ന് ഏഴ് സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും അകമ്പടിയിൽ 90 റൺസ് അടിച്ചെടുത്ത മാർഷാണ് ലഖ്‌നൗവിന് അനായാസ വിജയമൊരുക്കിയത്. ഏഴ് വിക്കറ്റിനായിരുന്നു ജയം.

To advertise here,

നേരത്തെ ടോസ് നേടി ലഖ്‌നൗ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയത് ചെന്നൈക്കായി കാർത്തിക് ശർമ (42 പന്തിൽനിന്ന് 71) മികച്ച പ്രകടനം നടത്തി.

ലഖ്‌നൗ ബൗളർ ആകാശ് സിങ് 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഗെയ്ക്വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിവരെ പുറത്താക്കി ആകാശ് സിങ് ചെന്നൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. തുടർന്ന് കാർത്തിക് ശർമയും ബ്രെവിസും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ചെന്നൈയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. അവസാന ലാപ്പിൽ 16 പന്തിൽ നിന്ന് 32 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോറിലേക്കെത്താൻ തുണയായി. സഞ്ജുവിന് 20 റൺസെ എടുക്കാനായുള്ളൂ.

മറുപടി ബാറ്റിങ്ങിൽ ലഖ്‌നൗവിനായി മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും തുടക്കത്തിലെ കത്തിക്കയറി. 135ലെത്തി നിൽക്കെയാണ് ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അടുത്ത പന്തിൽ തന്നെ മിച്ചൽ മാർഷ് റൺ ഔട്ടാകുകയും ചെയ്തു. ഏഴ് റൺസെടുത്ത് നിൽക്കെ അബ്ദുൽ സമദിനെയും ലഖ്‌നൗവിന് നഷ്ടമായി. അൻഷുൽ കാംബോജ് എറിഞ്ഞ 17-ാം ഓവറിൽ തുടർച്ചയായി നാല് സിക്‌സറുകൾ പറത്തിയാണ് നിക്കോളാസ് പൂരൻ ലഖ്‌നൗവിന്റെ വിജയ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പൂരൻ 17പന്തിൽനിന്ന് 32 റൺസടിച്ച് പുറത്താകാതെ നിന്നു. 

തോൽവിയോടെ ചെന്നൈയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ട്.