
കൊളംബോ: ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കാന്‍ ഇനി ലസിത് മലിംഗയുടെ യോര്‍ക്കറുകള്‍ ഉണ്ടാകില്ല. ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ശ്രീലങ്കന്‍ പേസ് ബൗളര്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
'ഇന്ന് പ്രത്യേകത നിറഞ്ഞ ദിവസമാണ്. കരിയറില്‍ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു. ട്വന്റി-20യില്‍ നിന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരുപാട് അനുഭവങ്ങള്‍ എനിക്ക് സ്വന്തമാക്കാനായി. ഭാവിയില്‍ പുതിയ തലമുറയുമായി ആ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'-യു ട്യൂബില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ മലിംഗ വ്യക്തമാക്കുന്നു.
2011-ല്‍ ടെസ്റ്റിനോട് വിട പറഞ്ഞ ലങ്കന്‍ പേസ് ബൗളര്‍ 2019-ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേയാണ് മലിംഗ അവസാനമായി ട്വന്റി-20 കളിച്ചത്. 2014-ല്‍ ലങ്കയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ മലിംഗയുടെ ബൗളിങ് നിര്‍ണായകമായിരുന്നു. മൂന്നു ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 338 വിക്കറ്റും ടെസ്റ്റില്‍ 101 വിക്കറ്റും ട്വന്റി-20യില്‍ 107 വിക്കറ്റും താരം സ്വന്തമാക്കി.
ഏകദിനത്തില്‍ എട്ടു തവണയും ടെസ്റ്റില്‍ മൂന്നു തവണയും ട്വന്റി-20യില്‍ രണ്ടു തവണയും അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ് എന്ന അപൂര്‍വ്വ നേട്ടം രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ മലിംഗയാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ട്വന്റി-20യിലും മലിംഗയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ്.
Content Highlights: Lasith Malinga retires from T20s to close out playing career
Published: 14 Sept 2021, 07:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented