
റായ്പുർ: മുംബൈ ഇന്ത്യൻസിനെതിരായ മികച്ച ബാറ്റിങ്ങിന് പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിക്കിന്റെ പാടുകൾ പങ്കുവെച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ. റായ്പുരിലെ കടുപ്പമേറിയ പിച്ചിൽ 167 റൺസ് പിന്തുടർന്ന ആർ.സി.ബി.ക്ക് 46 പന്തിൽ 73 റൺസെടുത്ത ക്രുണാലിന്റെ ഇന്നിങ്‌സാണ് ബലമായത്.
പേശികളിലെ കഠിനമായ വേദന വകവയ്ക്കാതെയാണ് നാല് ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങുന്ന ഇന്നിങ്സ് ക്രുണാൽ പൂർത്തിയാക്കിയത്. 'ചില പാടുകൾ നമ്മൾ നടത്തിയ പോരാട്ടം വെറുതെയായില്ല എന്നതിന്റെ തെളിവുകളാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. 150 സ്‌ട്രൈക്ക് റേറ്റിൽ ഈ സീസണിൽ ഇതുവരെ 141 റൺസാണ് താരം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ പവർപ്ലേയ്ക്കുള്ളിൽതന്നെ 28 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ഭുവനേശ്വർ തകർത്തു. എന്നാൽ നമൻ ധീർ (47), തിലക് വർമ (57) എന്നിവർ ചേർന്ന് പടുത്തുയർത്തിയ 82 റൺസിന്റെ കൂട്ടുകെട്ട് മുംബൈയെ നിശ്ചിത 20 ഓവറിൽ 166/7 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചു. ആർ.സി.ബി.ക്കുവേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ വിരാട് കോലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ ടീം ഒരു ഘട്ടത്തിൽ 39 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി. അവിടെനിന്നാണ് ക്രുണാൽ പാണ്ഡ്യ ടീമിനെ കൈപ്പിടിച്ചുയർത്തിയത്. ജേക്കബ് ബെഥേൽ (26), ജിതേഷ് ശർമ (18) എന്നിവർക്കൊപ്പം ചേർന്ന് ക്രുണാൽ ടീമിനെ വിജയത്തിനടുത്തെത്തിച്ചു.
അവസാന ഓവറിൽ ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കേ രാജ് അംഗദ് ബാവ എറിഞ്ഞ ഓവറിലെ എക്‌സ്ട്രാ റൺസുകളും ഭുവനേശ്വർ കുമാർ നേടിയ സിക്‌സറും ആർ.സി.ബി.ക്ക് ആശ്വാസമായി. ഒടുവിൽ അവസാന പന്തിൽ റാസിഖ് സലാം ദാർ നേടിയ റണ്ണിലൂടെ ബെംഗളൂരു വിജയം ഉറപ്പിക്കുകയും 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. തോൽവിയോടെ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ നിലവിൽ പട്ടികയിൽ 9-ാംസ്ഥാനത്താണ്.
Published: 11 May 2026, 07:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented