മെല്‍ബണ്‍: ഏതൊരു ബാറ്ററും കൊതിക്കുന്ന അരങ്ങേറ്റമായിരുന്നു ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിന്റേത്. 19 വയസുകാരനായ പയ്യന്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംറയെ ന്യൂ ബോളില്‍ തന്നെ റിവേഴ്‌സ് റാംപ് ഷോട്ടിലൂടെ സിക്‌സറിന് പറത്തുന്ന കാഴ്ച മെല്‍ബണിലെ കാണികളെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. ഈ സീരീസില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാണ് ബുംറ. ആ ബുംറയെ ലവലേശം ഭയമില്ലാതെ അനായാസമായാണ് കോണ്‍സ്റ്റാസ് നേരിട്ടത്. ഇതോടെ ടെസ്റ്റില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സിക്‌സ് വഴങ്ങേണ്ടിയും വന്നു ബുംറയ്ക്ക്, ഒന്നല്ല രണ്ട് എണ്ണം.
മൂന്ന് വര്‍ഷവും 4483 പന്തുകള്‍ക്കും ശേഷമാണ് ടെസ്റ്റില്‍ ബുംറ ഒരു സിക്‌സ് വഴങ്ങുന്നത്. 2021-ല്‍ സിഡ്‌നി ടെസ്റ്റിനിടെ കാമറൂണ്‍ ഗ്രീനാണ് ബുംറയ്‌ക്കെതിരേ അവസാനം സിക്‌സ് നേടുന്നത്. അതിനു ശേഷം പിന്നീട് ആര്‍ക്കും ബുംറയെറിഞ്ഞ ചുവന്ന തുകല്‍പ്പന്ത് ഗാലറിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മെല്‍ബണില്‍ കോണ്‍സ്റ്റാസ് അത് തിരുത്തി.
ബുംറ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്താണ് കോണ്‍സ്റ്റാസ് ആദ്യം സിക്‌സറിന് പറത്തിയത്. രണ്ട് ഫോറുകള്‍ കൂടി നേടിയ താരം 14 റണ്‍സാണ് ആ ഓവറില്‍ അടിച്ചെടുത്തത്. തുടര്‍ന്ന് ബുംറ എറിഞ്ഞ 11-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സും കോണ്‍സ്റ്റാസ് അടിച്ചെടുത്തു. 65 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 60 റണ്‍സെടുത്ത താരത്തെ ഒടുവില്‍ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
Content Highlights: Sam Konsta`s impressive debut against India, smashing two sixes off Jasprit Bumrah`s bowling
Published: 26 Dec 2024, 07:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented