കൊൽക്കത്ത: ഐപിഎല്ലിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ആവേശകരമായ വിജയം. അൺക്യാപ്ഡ് താരം മുകുൾ ചൗധരിയുടെ മിന്നും പ്രകടനമാണ് കൊൽക്കത്തയ്‌ക്കെതിരേ ലഖ്‌നൗവിന് മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചത്. 27 പന്തിൽ 54 റൺസ് നേടിയ മുകുൾ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

To advertise here,

ഒരു ഘട്ടത്തിൽ 128 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പരാജയം മുന്നിൽക്കണ്ട ലഖ്‌നൗവിനെ, മുകുളിന്റെ തകർപ്പൻ ഇന്നിങ്സാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ, അവസാനപന്തിലാണ് ലക്ഷ്യം മറികടന്നത്. 34 പന്തിൽ 54 റൺസെടുത്ത ആയുഷ് ബദോനിയുടെ അർധസെഞ്ചുറിയും ലക്നൗ വിജയത്തിൽ നിർണായകമായി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (41), അംഗ്രിഷ് രഘുവംശി (45), റോവ്‌മാൻ പവൽ (39) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ സീസണിൽ നാല് മത്സരങ്ങളിൽ കൊൽക്കത്ത നേരിടുന്ന മൂന്നാം തോൽവിയാണിത്. അതേസമയം, ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.