രഞ്ജി ട്രോഫി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളം ആദ്യദിനം കരുതലോടെയാണ് നീങ്ങിയത്. 89 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് ടീം. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 69 റണ്‍സോടെയും മുഹമ്മദ് അസ്ഹറുദ്ദീന്‍ 30 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുന്നു. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോരുത്തരും 30 റണ്‍സെടുത്ത് പുറത്തായി. അരങ്ങേറ്റ താരം വരുണ്‍ നായനാര്‍ 10 റണ്‍സിനും പുറത്തായി.

To advertise here,

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ച് മൂന്നാംദിനംതൊട്ട് സ്പിന്നർമാരെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ആദ്യ ഇന്നിങ്സിൽ പരമാവധി റൺസ് സ്കോർചെയ്ത് ലീഡുനേടുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. കളി സമനിലയായാലും ലീഡുനേടിയാൽ ഫൈനലിലെത്താം.

കേരളത്തിന് ടോസ് കിട്ടിയതോടെ ഈ ഗെയിംപ്ലാനിലെ ആദ്യപടി കടന്നു. ആദ്യദിനംമുഴുവൻ പിടിച്ചുനിന്നതോടെ പകുതിയോളം പൂർത്തിയായി. ശക്തമായ ബാറ്റിങ്നിരയുള്ള ഗുജറാത്തിനെതിരേ ലീഡുനേടണമെങ്കിൽ 350-400 റൺസ് നേടണമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ. രണ്ടാംദിനം ആദ്യസെഷനിൽ അധികം വിക്കറ്റുപോകാതെ സൂക്ഷിച്ചാൽ പിന്നീട് സ്കോറിങ്ങിന് വേഗംകൂട്ടാനാകും.

ഫോമിലുള്ള സൽമാൻ നിസാറും പുതുമുഖം അഹമ്മദ് ഇമ്രാനും ബാറ്റിങ്ങിനിറങ്ങാനുണ്ട്. ‌ആദ്യദിനം ക്രീസിലെത്തിയതിൽ വരുൺ നായനാർ ഒഴികെ മറ്റെല്ലാവരും പത്ത് ഒാവറിലേറെ നേരിട്ടിട്ടുണ്ട്. വരുൺ 55 പന്ത് കളിച്ചു. സച്ചിൻ ബേബി 193 പന്ത് നേരിട്ടുകഴിഞ്ഞു. ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഇടംകൈ സ്പിന്നർ സിദ്ധാർഥ് ദേശായ് എന്നിവരാണ് ഗുജറാത്തിന്റെ പ്രധാന ആയുധം. കേരളനിരയിൽ സ്പിന്നർമാരായി ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവരുണ്ട്.