ഹരാരെ: അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 41 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മലയാളി താരം ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയുടെ ഈ വിജയത്തിന് അടിത്തറ പാകിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 41 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്‌കോർ: 310/ 3 (41 ഓവർ). ആരോണാണ് മത്സരത്തിലെ താരം.
സമ്മർദമേറിയ സെമിഫൈനലിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ആരോൺ ജോർജ് സെഞ്ചുറിയോടെ കളം നിറഞ്ഞു. 104 പന്തുകളിൽനിന്ന് 15 ഫോറുകളും 2 സിക്‌സറുകളും അടക്കം 115 റൺസ് നേടിയാണ് താരം പുറത്തായത്. ആരോൺ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. വൈഭവ് സൂര്യവംശി (33 പന്തിൽ 68), നായകൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരും ഇന്ത്യൻ നിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ഓപ്പണിങ്ങിൽ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ചേർന്ന് വെറും 9.3 ഓവറിൽ 90 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. ആയുഷ് മാത്രെയും ആരോൺ ജോർജും ചേർന്ന് രണ്ടാം വിക്കറ്റിൽ 114 റൺസിന്റെ മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തി. ഇതോടെ ഇന്ത്യൻ സ്‌കോർ 200 കടന്നു. ആരോൺ ജോർജും വിഹാൻ മൽഹോത്രയും ചേർന്ന് മൂന്നാം വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ ജയം ഉറപ്പാക്കി. ടീം സ്‌കോർ 300-ലെത്തിയതോടെ വാഹിദുള്ള സദ്രാന്റെ പന്തിൽ നസീഫുള്ള അമീരിക്ക് ക്യാച്ച് നൽകി ആരോൺ മടങ്ങി. പത്തോവറിലധികം ബാക്കിനിൽക്കേ, പത്ത് റൺസ് മാത്രം മതിയായിരുന്നു അപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ. പിന്നീടെത്തിയ വേദാന്ത് ത്രിവേദിയും മൽഹോത്രയും ചേർന്ന് വിജയ കടനമ്പ പൂർത്തിയാക്കി.
നേരത്തേ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് അവർ അടിച്ചുകൂട്ടി. ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിങ്ങനെ രണ്ട് തകർപ്പൻ സെഞ്ചുറിയിൽ ഇന്ത്യൻ ബൗളർമാർ വിയർത്തിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 93 പന്തുകളിൽനിന്ന് 15 ഫോറുകൾ ഉൾപ്പെടുന്നതാണ് ഷിനോസാദയുടെ ഇന്നിങ്‌സെങ്കിൽ, 86 പന്തിൽ 12 ഫോറും രണ്ട് സിക്‌സും ചേർന്നതാണ് ഉസൈറുള്ളയുടെ ഇന്നിങ്‌സ്. ഇന്ത്യൻ നിരയിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: India Secures U-19 Cricket World Cup Final Berth After Dominating Afghanistan
Published: 04 Feb 2026, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented