
അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ 76 റൺസിന്റെ കനത്ത തോൽവി ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായിരിക്കുന്നു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. 63 റൺസ് നേടിയ ഡേവിഡ് മില്ലറും 45 റൺസുമായി തിളങ്ങിയ ഡെവാൾഡ് ബ്രെവിസുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും മറ്റ് ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവും സംഘവും ഒരു ഘട്ടത്തിലും വിജയലക്ഷ്യത്തിന് അടുത്തെത്തിയില്ല. മാർക്കോ യാൻസന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. വെറും 111 റൺസിന് ഇന്ത്യ കൂടാരം കയറിയപ്പോൾ യാൻസൻ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പതനം പൂർത്തിയാക്കി. ഇതോടെ ഗ്രൂപ്പിലെ നെറ്റ് റൺറേറ്റിലും (NRR) ഇന്ത്യ പിന്നിലായി. സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്.
ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ള ആദ്യ വഴി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുക എന്നതാണ്. സിംബാബ്വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ജയിച്ചാൽ ഇന്ത്യയ്ക്ക് നാല് പോയിന്റുകൾ ലഭിക്കും. എന്നാൽ മറ്റു ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിർണയിച്ചേക്കാം. ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒരെണ്ണം ജയിക്കുകയും, വിൻഡീസ്-സിംബാബ്വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ മൂന്ന് ടീമുകൾക്ക് 4 പോയിന്റ് വീതമാകും. അത്തരമൊരു സാഹചര്യത്തിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
രണ്ടാമത്തെ സാധ്യത ഇന്ത്യ ഒരു മത്സരത്തിൽ മാത്രം വിജയിക്കുന്നതാണ്. അങ്ങനെ വന്നാൽ ഇന്ത്യയുടെ സെമി പ്രവേശം തികച്ചും സങ്കീർണമാകും. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായി വരും. കൂടാതെ വെസ്റ്റ് ഇൻഡീസ്-സിംബാബ്വെ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ തന്നെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് രണ്ട് പോയിന്റ് വീതമാകും. ഇവിടെയും നെറ്റ് റൺറേറ്റ് തന്നെയാകും നിർണായക ഘടകം.
ടൂർണമെന്റിലെ വരാനിരിക്കുന്ന മത്സരക്രമം ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നതാണ്. ഫെബ്രുവരി 23-ന് മുംബൈയിൽ വെസ്റ്റ് ഇൻഡീസും സിംബാബ്വെയും ഏറ്റുമുട്ടും. ഫെബ്രുവരി 26-ന് ഇന്ത്യ ചെന്നൈയിൽ വെച്ച് സിംബാബ്വെയെ നേരിടുമ്പോൾ അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ മാർച്ച് 1-നാണ് നടക്കുന്നത്. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടമാകും ഇന്ത്യയുടെ സെമി സാധ്യതകളിൽ അന്തിമ തീരുമാനമെടുക്കുക.
Published: 23 Feb 2026, 02:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented