
കാർത്തിക് ശർമ | X.com/@SANDEEPMH07
ദുബായ്: ഐപിഎൽ താരലേലത്തിൽ റെക്കോഡ് തുകയ്ക്കാണ് കാർത്തിക് ശർമയെന്ന പത്തൊൻപതുകാരനെ ചെന്നൈ റാഞ്ചുന്നത്. ഒരു അൺക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് കാർത്തിക്കിന് ലഭിച്ചത്. 14.20 കോടി രൂപ. യുപി ഓൾറൗണ്ടർ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ കാർത്തിക് ശർമയ്ക്കും 14.20 കോടി തന്നെ മുടക്കിയത്. ചെന്നൈ കോടികളെറിഞ്ഞ് തട്ടകത്തിലെത്തിച്ച കാർത്തിക്കിന്റെ കരിയർ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. പരിശീലനത്തിനും ടൂർണമെന്റുകൾ കളിക്കാനും പണമുണ്ടായിരുന്നില്ല. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്താണ് ഇന്ന് ഐപിഎൽ ലേലത്തിലെ മിന്നും താരമായി കാർത്തിക് നിറഞ്ഞുനിൽക്കുന്നതും.
പ്രതിസന്ധികളോട് പോരാടിയാണ് കാർത്തിക്ക് കരിയറിൽ മുന്നോട്ടുപോകുന്നത്. അത് അത്ര അനായാസമായിരുന്നില്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും മകനെ ഒരു ക്രിക്കറ്റ് താരമാക്കുക എന്നത് തന്റെയും ഭാര്യ രാധയുടെയും സ്വപ്നമായിരുന്നുവെന്ന് പിതാവ് മനോജ് ശർമ പറയുന്നു. കാർത്തിക്കിന്റെ പരിശീലനത്തിനും ടൂർണമെന്റുകൾ കളിക്കുന്നതിനുമായി കുടുംബം പറമ്പുകളും കൃഷിഭൂമിയും വിറ്റു. കാർത്തിക്കിന്റെ അമ്മയ്ക്ക് ആഭരണങ്ങളും വിൽക്കേണ്ടിവന്നു. ഇത് വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നുവെന്നും എന്നാൽ കാർത്തിക്കിന്റെ സ്വപ്നത്തിൽ നിന്ന് പിന്നോട്ടുപോയില്ലെന്നും മനോജ് കൂട്ടിച്ചേർത്തു.
കാർത്തിക്കിന്റെ കരിയറിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങളിലൊന്ന് ഗ്വാളിയോറിലെ ഒരു ടൂർണമെന്റായിരുന്നു. നാലോ അഞ്ചോ മത്സരങ്ങൾക്കുള്ളിൽ ടീം പുറത്താകുമെന്നാണ് കരുതിയത്. ആ കാലയളവ് താമസിക്കാനുള്ള പണം മാത്രമല്ലേ വേണ്ടൂ എന്ന് കരുതി. എന്നാൽ കാർത്തിക്കിന്റെ പ്രകടനം ടീമിനെ ഫൈനലിൽ എത്തിച്ചു. പണമില്ലാതായപ്പോൾ കാർത്തിക്കും പിതാവും ഒരു രാത്രികാല അഭയകേന്ദ്രത്തിൽ താമസിക്കാൻ നിർബന്ധിതരായി. "ഒരു ദിവസം ഞങ്ങൾക്ക് പട്ടിണിയോടെ കിടന്നുറങ്ങേണ്ടി വന്നു. ഫൈനലിൽ വിജയിക്കുകയും സമ്മാനത്തുക ലഭിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്."- മനോജ് പറഞ്ഞു.
പിതാവ് മനോജും ഒരു കാലത്ത് ക്രിക്കറ്റ് കളിക്കാരനായിരുന്നു, എന്നാൽ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന്റെ കളി ജീവിതം അവസാനിച്ചു. തന്റെ സ്വപ്നം മകനിലൂടെ സാക്ഷാത്കരിക്കാനാണ് ശ്രമമെന്നും പിതാവ് പറയുന്നു. കാർത്തിക് അണ്ടർ-14, അണ്ടർ-16 തലങ്ങളിൽ കളിച്ചിട്ടുണ്ട്. പിന്നീട് നാല് വർഷം സെലക്ഷൻ ലഭിച്ചില്ല. എന്നാൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ കാർത്തിക് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ധോനിയോടൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചതിന്റെ ആവേശത്തിലാണെന്നും കാർത്തിക്കും പ്രതികരിച്ചു.
"ഞാൻ അത്രയധികം സന്തോഷിച്ചു, കരഞ്ഞുപോയി. എൻ്റെ ലേലം ആരംഭിച്ചപ്പോൾ, തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നു. എന്നാൽ ലേലം ആരംഭിച്ചയുടൻ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ആ നിമിഷം എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. ലേലം കഴിഞ്ഞിട്ടും ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എല്ലാവരും നൃത്തം ചെയ്യുകയായിരുന്നു, ഞാൻ കരയുകയായിരുന്നു. അത്രയധികം സന്തോഷത്തിലായിരുന്നു ഞാൻ."- കാർത്തിക് കൂട്ടിച്ചേർത്തു.
പ്രശാന്തിനായി റെക്കോഡ് തുക മുടക്കി മിനിറ്റുകൾക്ക് ശേഷമാണ് കാർത്തിക് ശർമയ്ക്കായും ചെന്നൈ ഇതേ തുക മുടക്കിയത്. അതായത് രണ്ട് അൺക്യാപ്ഡ് താരങ്ങൾക്കായും സിഎസ്‌കെ മുടക്കിയത് 28.40 കോടിയാണ്. അൺക്യാപ്ഡ് താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പ്രശാന്ത് വീർ ഓൾറൗണ്ടറാണെങ്കിൽ കാർത്തിക് ശർമ വിക്കറ്റ് കീപ്പർ ബാറ്ററാണ്.
രാജസ്ഥാൻ സ്വദേശിയായ കാർത്തിക് ശർമയും ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ റഡാറിലെത്തുന്നത്. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയ താരമാണ് കാർത്തിക്. ഉത്തരാഖണ്ഡിനെതിരായിരുന്നു ഇത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ടൂർണമെന്റിൽ രാജസ്ഥാന്റെ ടോപ് സ്‌കോററും കാർത്തിക്കായിരുന്നു. എട്ട് ഇന്നിങ്‌സുകളിൽ നിന്നായി താരം 445 റൺസാണ് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലിയിലും മിന്നിച്ച താരം മികച്ച ഫിനിഷർ കൂടിയാണ്.
Content Highlights: CSK's Rs 14.20 Crore Star Kartik Sharma's Journey To IPL
Published: 18 Dec 2025, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented