ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റിലെ തോല്‍വിയോടെ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി കൈവിട്ട ഓസീസിന് വീണ്ടും തിരിച്ചടി. പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പരമ്പര നഷ്ടമാകും. മാത്രമല്ല ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, മാറ്റ് റെന്‍ഷോ എന്നിവരടക്കമുള്ള താരങ്ങളും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

കാലിന്റെ ഉപ്പൂറ്റിക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഹെയ്‌സല്‍വുഡിന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു. ഇപ്പോഴിതാ ഈ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് പരമ്പര തന്നെ താരത്തിന് നഷ്ടമായിരിക്കുകയാണ്. ഇതോടെ താരം നാട്ടിലേക്ക് മടങ്ങും.

രണ്ടാം ടെസ്റ്റിനിടെ പന്ത് കൊണ്ട് കൈക്ക് പരിക്കേറ്റ ഡേവിഡ് വാര്‍ണറും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മത്സരത്തിനിടെ പന്ത് ഹെല്‍മറ്റില്‍ ഇടിച്ച വാര്‍ണര്‍ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി മാറ്റ് റെന്‍ഷോയായിരുന്നു കളത്തിലിറങ്ങിയത്.

നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഡല്‍ഹി ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ മൂന്നാം ടെസ്റ്റിനിടയ്ക്ക് 10 ദിവസത്തെ ഇടവേളയുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബത്തിലെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ദോറിലെ മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിനാണ്. ഇതിനു മുമ്പ് കമ്മിന്‍സ് ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നാഗ്പുരിലെ ആദ്യ ടെസ്റ്റിനു പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മിച്ചല്‍ സ്വെപ്‌സണ്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്വെപ്‌സണ് പകരമാണ് മാത്യു കുനെമാനെ ടീമിലെടുത്തിരുന്നത്. ടോഡ് മര്‍ഫി, റെന്‍ഷോ, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ മാറ്റങ്ങളെ സംബന്ധിച്ച് ബുധനാഴ്ചയേ വ്യക്തത വരൂ.