
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലദേശിലുണ്ടായ അതിക്രമങ്ങളും അതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐ നീക്കവുമെല്ലാം ഏറെ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. പിന്നാലെയായിരുന്നു ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വേട്ടയാടൽ ആരംഭിച്ചത്. ഇതോടെ കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാനെതിരേ ബിജെപി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുസ്തഫിസുർ ഐപിഎല്ലിൽ കളിക്കുന്നതിനെതിരെയും വിമർശനമുയർന്നു. പിന്നാലെ താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്താൻ ബിസിസിഐ ഔദ്യോഗികമായി തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോഴിതാ മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം ബിസിസിഐ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിലെ (ജെഡിയു) മുതിർന്ന നേതാവായ കെ.സി ത്യാഗി. ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായിട്ടും നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശ്, ഒരു ഹിന്ദുവിനെ അവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ടെന്നാണ് ത്യാഗി ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
''കായിരംഗത്തെ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് പാകിസ്താനും ബംഗ്ലാദേശുമായുള്ള ബന്ധം കുറച്ച് പ്രശ്‌നമാണ്. അതിർത്തിയിലെ ഭീകരപ്രവർത്തനത്തിൽ പാകിസ്താൻ കുറ്റക്കാരാണ്. അതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം രോഷാകുലരാണ്. ഇത് കളിയുടെ ആത്മാവിനെ ബാധിക്കുന്നു.'' - ത്യാഗി പറഞ്ഞു.
മുസ്തഫിസുറിനെ മാറ്റിനിർത്താനുള്ള ബിസിസിഐയുടെ തീരുമാനം ഒരുപക്ഷേ ആ വികാരങ്ങൾ മനസിൽവെച്ചുകൊണ്ട് എടുത്തതാകാമെന്നു പറഞ്ഞ ത്യാഗി, എന്നാൽ വ്യക്തിപരമായി, രാഷ്ട്രീയം സ്‌പോർട്‌സിനെ അമിതമായി സ്വാധീനിക്കരുതെന്നും ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ഒരു ഹിന്ദു ക്രിക്കറ്റ് താരത്തെ അവരുടെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ഇത് നമ്മെ ഇക്കാര്യം പുനപരിശോധിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
''ബംഗ്ലാദേശിലെ സംഭവങ്ങളിൽ ഞങ്ങൾ അസ്വസ്ഥരാണ്, ഐപിഎല്ലിൽ നിന്ന് ഒരു ബംഗ്ലാദേശി ക്രിക്കറ്റ് കളിക്കാരനെ പുറത്താക്കി. എന്നാൽ ബംഗ്ലാദേശ് ഒരു ന്യൂനപക്ഷ ക്രിക്കറ്റ് കളിക്കാരനെ, ഒരു ഹിന്ദുവിനെ, ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇത് അവർ നൽകുന്ന ശക്തമായ സന്ദേശമാണ്'' - ത്യാഗി കൂട്ടിച്ചേർത്തു.
Content Highlights: JDU leader KC Tyagi asks BCCI to re-evaluate the decision to exclude Mustafizur Rahman from the IPL, citing Bangladesh appointing a Hindu as cricket captain.
Published: 06 Jan 2026, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented