1996-ൽ ഒപ്പുവെച്ച ഗംഗാജലകരാറിന്റെ കാലാവധി ഈ വർഷം ഡിസംബറോടെ അവസാനിക്കുകയാണ്. കരാർ പുതുക്കേണ്ടത് ഇരുരാജ്യങ്ങളുടെയും നിലനിൽപ്പിനും താത്പര്യങ്ങൾക്കും അനിവാര്യമാണ്.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂർ റഹ്‌മാൻ ഡൽഹിയിലെത്തുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ മുൻഗണനാ പട്ടികയിൽ ഏറ്റവും നിർണായകമാവുക നദീജലവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും. അതിൽതന്നെ, ദക്ഷിണേഷ്യയുടെ ജീവനാഡിയായ ഗംഗയിലെ ജലം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കായിരിക്കും ഇരുപക്ഷവും പ്രാധാന്യം നൽകുക. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആണിക്കല്ലായി നിലകൊള്ളുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പ് ഒപ്പുവെച്ച ഗംഗാ ജല കരാറാണ്. ഗംഗയിലെ വെള്ളം ഇരുരാജ്യങ്ങളും എങ്ങനെ പങ്കിടണമെന്ന് നിർവചിക്കുന്ന ഈ ഉടമ്പടി, അയൽപക്ക സഹകരണത്തിന്റെ മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, തർക്കങ്ങൾക്കും അവകാശവാദങ്ങൾക്കും കുറവില്ല താനും.
1996-ൽ ഒപ്പുവെച്ച ഗംഗാജലകരാറിന്റെ കാലാവധി ഈ വർഷം ഡിസംബറോടെ അവസാനിക്കുകയാണ്. കരാർ പുതുക്കേണ്ടത് ഇരുരാജ്യങ്ങളുടെയും നിലനിൽപ്പിനും താത്പര്യങ്ങൾക്കും അനിവാര്യമാണ്. ഇതിനായുള്ള പ്രാഥമിക ചർച്ചകൾക്ക് ഇരുപക്ഷവും ഇതിനകംതന്നെ തുടക്കമിട്ടുകഴിഞ്ഞു. ബംഗ്ലാദേശിലെ ഭരണമാറ്റവും ഇന്ത്യയോടുള്ള മനോഭാവത്തിലെ മാറ്റവും അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം നദീതടത്തിലുണ്ടാക്കുന്ന കടുത്ത പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ കരാർ പുതുക്കലിന് രാഷ്ട്രീയമായും വലിയ പ്രാധാന്യമുണ്ട്. കേവലമൊരു ഉടമ്പടിക്കപ്പുറം മാറുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതും കൂടുതൽ സുതാര്യവുമായ ഒരു പുതിയ ജലപങ്കാളിത്ത വ്യവസ്ഥ രൂപപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇരുരാജ്യങ്ങൾക്കും മുന്നിലുള്ളത്.
ഇന്ത്യ-ബംഗ്ലാദേശ് ഗംഗാനദീജല തർക്കം
ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ സഞ്ചരിച്ചാണ് ഗംഗാ നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയിലെ പാക്കൂരിന് സമീപം വെച്ച് നദി ആദ്യം ഭാഗീരഥിയായി പിരിയുകയും അത് പിന്നീട് ഹൂഗ്ലി നദിയായി മാറുകയും ചെയ്യുന്നു. ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ അതിന്റെ പ്രധാന ഭാഗം ‘പദ്മ’ എന്ന പേരിൽ അറിയപ്പെടുന്നു. പിന്നീട് ഇത് അസമിൽ നിന്ന് ഒഴുകിയെത്തുന്ന ബ്രഹ്‌മപുത്രയുമായി ചേരുകയും തുടർന്ന് താഴേക്ക് ഒഴുകുകയും ചെയ്യുന്നു. തുടർന്ന് വിശാലമായ ഗംഗാ ഡെൽറ്റയിലൂടെ ഒഴുകി ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുന്നു.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗയിലെ ജലം എങ്ങനെ പങ്കിടണമെന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ തർക്കം പരിഹരിക്കുന്നതിനായി നിരവധി തവണ ചർച്ചകളും താത്ക്കാലിക ക്രമീകരണങ്ങളും ഉണ്ടായെങ്കിലും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേനൽക്കാലത്ത് ഇരുരാജ്യങ്ങൾക്കും എത്രത്തോളം വെള്ളം വീതംവെയ്ക്കണം എന്നതിനെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. കൊൽക്കത്ത തുറമുഖത്തെ ചെളി നീക്കം ചെയ്യാനും പശ്ചിമ ബംഗാളിലെ ജലസേചനം സുഗമമാക്കാനുമായി 1970-കളിൽ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് ഗംഗാ നദിയിൽ ഫറാക്ക ബാരേജ് നിർമിച്ചു.
ബാരേജിൽനിന്ന് വെള്ളം തിരിച്ചുവിട്ടതോടെ വേനൽക്കാലത്ത് ബംഗ്ലാദേശിലേക്കുള്ള ജലപ്രവാഹം ഗണ്യമായി കുറഞ്ഞുവെന്നാണ് അവരുടെ ആരോപണം. ഇത് ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനും ജലഗതാഗത തടസ്സങ്ങൾക്കും കൃഷി, മത്സ്യബന്ധനം എന്നിവ തകരുന്നതിനും കാരണമായെന്നും അവർ ആരോപിക്കുന്നു. നദിയുടെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ, ബാരേജിലൂടെയുള്ള ഇന്ത്യയുടെ ജലചൂഷണം അനീതിയാണെന്നാണ് ബംഗ്ലാദേശിന്റെ വാദം. ഇത് വേനൽമാസങ്ങളിൽ തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്നും രാജ്യത്തിന്റെ ഭക്ഷ്യ-ജല സുരക്ഷയെ ബാധിക്കുന്നുവെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നു.
1996-ലെ ഗംഗാ നദീജല കരാർ
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വെള്ളത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 1977-ലെ ഗംഗാ നദീജല കരാർ ഉൾപ്പെടെയുള്ള താത്കാലിക സംവിധാനങ്ങൾ ഉണ്ടായെങ്കിലും അവയ്‌ക്കൊന്നും ശാശ്വത പരിഹാരം കാണാനായില്ല. പതിറ്റാണ്ടുകൾ നീണ്ട താത്കാലിക സംവിധാനങ്ങൾക്കും ചർച്ചകൾക്കും ശേഷം 1996-ലാണ് 'ഗംഗാ നദീജല കരാർ' എന്നറിയപ്പെടുന്ന ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുന്നത്. ആ വർഷം ഡിസംബർ 12-ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ന്യൂഡൽഹിയിൽ വെച്ചാണ് സമഗ്രമായ ഗംഗാ നദീജല കരാറിൽ ഒപ്പുവെച്ചത്. വേനൽക്കാലത്ത് ജലം പങ്കുവെയ്ക്കുന്നതിനായി 30 വർഷത്തെ ഒരു മാർഗരേഖ നിർമിച്ച ഈ കരാർ, നദിയുടെ താഴത്തെ ഒഴുക്കിലുള്ള ബംഗ്ലാദേശിന്റെ അവകാശങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നതായിരുന്നു.
വേനൽക്കാലത്ത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ ന്യായവും സുതാര്യവുമായ രീതിയിൽ ജലം പങ്കിടുന്നതിനാണ് കരാർ രൂപകൽപ്പന ചെയ്തത്. ജലക്ഷാമം ഏറ്റവും രൂക്ഷമാകുന്ന ജനുവരി ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ ഫറാക്ക ബാരേജിൽ രേഖപ്പെടുത്തുന്ന ഗംഗാ നദിയിലെ ശരാശരി ജലപ്രവാഹത്തെ അടിസ്ഥാനമാക്കിയാണ് ഈ പങ്കിടൽ നിശ്ചയിച്ചിരിക്കുന്നത്. ബാരേജിൽ 1949 മുതൽ 1988 വരെയുള്ള കാലയളവിലെ നിശ്ചിത 10 ദിവസത്തെ ജലമൊഴുക്കിന്റെ ചരിത്രപരമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ജലവിഹിതം നിശ്ചയിക്കുന്നത്.
കരാറിലെ വ്യവസ്ഥകൾ പ്രകാരം ഫറാക്ക ബാരേജിലെ ജലമൊഴുക്ക് 70,000 ക്യൂസെക്‌സോ അതിൽ കുറവോ ആണെങ്കിൽ ഇന്ത്യയും ബംഗ്ലാദേശും വെള്ളം തുല്യമായി (50:50) പങ്കിടും. ജലപ്രവാഹം 70,000-നും 75,000-നും ഇടയിലാണെങ്കിൽ ബംഗ്ലാദേശിന് 35,000 ക്യൂസെക്‌സ് വെള്ളം ലഭിക്കും. ബാക്കി ഇന്ത്യയ്ക്ക് ലഭിക്കും. ജലപ്രവാഹം 75,000 ക്യൂസെക്‌സിന് മുകളിലാണെങ്കിൽ ഇന്ത്യയ്ക്ക് 40,000 ക്യൂസെക്‌സ് ലഭിക്കും. ബാക്കി ഭാഗം ബംഗ്ലാദേശിന് നൽകും. കൂടാതെ, മാർച്ച് 11-നും മേയ് 10-നും ഇടയിൽ ഇരുരാജ്യങ്ങൾക്കും നിശ്ചിത കാലയളവുകളിൽ 35,000 ക്യൂസെക്‌സ് വെള്ളം വീതം ഉറപ്പുനൽകുന്ന ഒരു സംരക്ഷണ വ്യവസ്ഥയും ഇതിലുണ്ട്.
പക്ഷേ, കരാറിൽ ചുരുങ്ങിയ ജലലഭ്യത ഉറപ്പുനൽകുന്ന കൃത്യമായ നിബന്ധനകൾ ഇല്ല. പകരം നയതന്ത്ര ചർച്ചകൾക്കാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കരാർ അനുസരിച്ച്, ബാരേജിലെ ജലമൊഴുക്ക് ഏതെങ്കിലും 10 ദിവസത്തെ കാലയളവിൽ 50,000 ക്യൂസെക്‌സിന് താഴെയായാൽ, ഇരു സർക്കാരുകളും അടിയന്തരമായി ചർച്ചകൾ നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഇത് തുല്യതയുടെയും പരസ്പര സഹകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കരാർ പറയുന്നു.
കരാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നദീജലത്തിന്റെ സംയുക്ത നിരീക്ഷണത്തിന് വ്യവസ്ഥയുണ്ട്. 1972-ൽ സ്ഥാപിതമായ ജോയിന്റ് റിവേഴ്‌സ് കമ്മീഷനാണ് ഇതിന്റെ മേൽനോട്ടം, വിവരങ്ങൾ പങ്കിടൽ, ആശങ്കകൾ പരിഹരിക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നത്. തർക്കങ്ങളുണ്ടായാൽ ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ നടത്തണം. ഇതിലൂടെ പരിഹാരമായില്ലെങ്കിൽ പരസ്പര ധാരണയിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.
ഇന്ത്യയ്ക്ക് പ്രധാനം, ബംഗ്ലാദേശിനും
ഇന്ത്യ-ബംഗ്ലാദേശ് സഹകരണത്തിന്റെ നാഴികക്കല്ലായിട്ടാണ് കരാർ കണക്കാക്കപ്പെടുന്നത്. മുമ്പുണ്ടായിരുന്ന തർക്കങ്ങൾക്ക് വിരാമമിട്ട്, കൃത്യമായ അളവുകളുടെയും പരസ്പര വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ജലം പങ്കിടുന്നതിനുള്ള ഒരു വ്യവസ്ഥാപിത മാർഗം രൂപീകരിക്കാൻ ഈ കരാറിലൂടെ സാധിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി, ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും വേനൽമാസങ്ങളിൽ ആവശ്യമായ ജലം തടസ്സമില്ലാതെ ഉറപ്പാക്കാൻ ഈ ഉടമ്പടിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ 30 വർഷത്തിനിടയിൽ കരാർ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. കരാർ ഇന്ത്യയ്ക്ക് അനുകൂലമാണെന്നും ബംഗ്ലാദേശിൽ കടുത്ത ജലക്ഷാമത്തിന് ഇത് കാരണമായെന്നും അവർ പലപ്പോഴായി ആരോപിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ച് പശ്ചിമ ബംഗാളിന് ഫറാക്ക ബാരേജിലൂടെയുള്ള ജലലഭ്യത അത്യന്താപേക്ഷിതമാണ്. ഹൂഗ്ലി നദിയിലെ ജലഗതാഗതം സാധ്യമാക്കാനും കൊൽക്കത്ത തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ഈ ജലം ആവശ്യമാണ്. ഗംഗാ നദിയിൽ നിന്നുള്ള വെള്ളം ഹൂഗ്ലി നദിയിലേക്ക് തിരിച്ചുവിട്ടാണ് കൊൽക്കത്ത തുറമുഖത്ത് അടിഞ്ഞുകൂടുന്ന ചെളി ഒഴുക്കിക്കളയുന്നത്. കരാറിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന കൃത്യമായ ജലവിഹിതം കൊൽക്കത്ത തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനത്തെ നിലനിർത്താൻ സഹായിക്കുന്നു. ഇതിനുപുറമേ, വേനൽക്കാലത്ത് ഗംഗാ തടത്തിലെ ജലലഭ്യത കുറയുമ്പോൾ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾക്കും കൃഷിക്കും ഈ നദിയിലെ വെള്ളം ആവശ്യമാണ്.
മറുവശത്ത്, ബംഗ്ലാദേശിലെ തെക്കുപടിഞ്ഞാറൻ ജില്ലകളിലെ നെൽകൃഷിക്കും ജലസേചനത്തിനും ഗംഗാ നദിയിലെ വെള്ളം അത്യാവശ്യമാണ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഉപ്പുവെള്ളം കരഭൂമിയിലേക്ക് കയറുന്നത് തടയാനും നദിയിലെ ജലവിതാനം സഹായിക്കുന്നു. ഇവിടുത്തെ തണ്ണീർത്തടങ്ങൾ, മത്സ്യബന്ധനം, നദീതീരത്തെ ആവാസവ്യവസ്ഥ എന്നിവയുടെ നിലനിൽപ്പും ഗംഗയെ ആശ്രയിച്ചാണ്. ആർസെനിക് മലിനീകരണം കടുത്ത ഭീഷണിയുയർത്തുന്ന ഭൂഗർഭജലത്തിന് പകരമായി, ഇവിടുത്തെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന പ്രധാന ഉപരിതല ജലസ്രോതസ്സ് കൂടിയാണിത്. അതുകൊണ്ടുതന്നെ, വേനൽക്കാലത്ത് ജലലഭ്യതയിൽ ഉണ്ടാകുന്ന നേരിയ കുറവുപോലും ബംഗ്ലാദേശിലെ കൃഷിയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കും.
വെറുമൊരു കരാർ മാത്രമല്ല!
ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധങ്ങളിലെ വലിയൊരു വഴിത്തിരിവായാണ് 1996-ലെ ഈ കരാർ വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും വ്യാപാരം, ഗതാഗതം, ഊർജ്ജ മേഖലയിലെ സഹകരണം, അതിർത്തി മാനേജ്മെന്റ് എന്നിവ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ ശക്തമായ അടിത്തറയും ആത്മവിശ്വാസവും നൽകിയത് ഈ ജലക്കരാറാണ്. തർക്കങ്ങളുടെ പ്രതീകമായിരുന്ന നദീജല വിതരണത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു.
ഈ വർഷം ഡിസംബറിൽ കരാറിന്റെ കാലാവധി അവസാനിക്കുകയാണ്. പുതിയ സാഹചര്യത്തിൽ കരാർ പുതുക്കുന്നത് വെറുമൊരു ജലവിഭജനം മാത്രമല്ല, മറിച്ച് കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിക്കുക കൂടിയാണ്. മുപ്പത് വർഷം മുമ്പ് കരാർ ഒപ്പുവെക്കുമ്പോഴുള്ള സാഹചര്യമല്ല ഇന്ന് ഗംഗാ നദിയിലുള്ളത്. ആഗോളതാപനം കാരണം വേനൽക്കാലത്ത് ഗംഗയിലെ ജലപ്രവാഹം ഗണ്യമായി കുറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ മൺസൂൺ കാലത്ത് കടുത്ത പ്രളയം സൃഷ്ടിക്കുന്നു. ബംഗ്ലാദേശും സമാനമായി മൺസൂണിൽ പ്രളയവും വേനലിൽ കടുത്ത വരൾച്ചയും നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഗംഗാ ജലകരാർ പുനർമൂല്യനിർണ്ണയം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ, സംസ്ഥാനങ്ങളുടെ വിയോജിപ്പാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. അതിർത്തി പങ്കിടുന്ന നദികളിലെ ജലപങ്കാളിത്ത കരാറുകൾക്കും അവ പുതുക്കുന്നതിനും ബന്ധപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതിനാൽ ഗംഗാ ജലകരാർ പുതുക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാരിന് നിർണായക പങ്കുണ്ട്. പശ്ചിമ ബംഗാൾ പലപ്പോഴും ജലം പങ്കിടുന്നതിൽ തങ്ങളുടെ ആശങ്കകൾ അറിയിക്കാറുണ്ട്. 2011-ൽ ഇന്ത്യയും ബംഗ്ലാദേശും തീസ്ത നദീജല കരാറിൽ ധാരണയിലെത്തിയിരുന്നെങ്കിലും പശ്ചിമ ബംഗാൾ സർക്കാരിന്റെ എതിർപ്പ് കാരണമാണ് അത് മുടങ്ങിയതും ഇപ്പോഴും നടപ്പാകാതെ തുടരുന്നതും. ഗംഗാ ജലകരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സംസ്ഥാനം തങ്ങളുടെ ആശങ്കകൾ അറിയിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയൽപക്കനയത്തിൽ ബംഗ്ലാദേശിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വലിയതോതിൽ നദീജലം പങ്കിടുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ഏറ്റവും വലിയ നദീജലതർക്കത്തിന് പരിഹാരമായാണ് ഗംഗാകരാർ രൂപപ്പെട്ടത്. ഈ കരാർ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നത് ബംഗ്ലാദേശുമായി നല്ലൊരു സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നു. ഈ സൗഹൃദം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്കും അതിർത്തി സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്.
ബംഗ്ലാദേശിലെ രാഷ്ട്രീയമാറ്റങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കാൻ കരാർ ചർച്ചകൾ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിർത്തിയുടെ ഇരുവശത്തുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഈ കരാർ പുതുക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ബംഗ്ലാദേശുമായി ജലവിഷയങ്ങളിൽ ഇന്ത്യ കൃത്യമായ ധാരണയിലെത്തിയില്ലെങ്കിൽ, അത് ചൂഷണം ചെയ്യാൻ ചൈന ശ്രമിച്ചേക്കാം. ബംഗ്ലാദേശിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിലൂടെ മേഖലയിൽ ഇന്ത്യയുടെ വിശ്വസ്തതയും തന്ത്രപ്രധാനമായ മേധാവിത്വവും നിലനിർത്താൻ സാധിക്കും.
ഫറാക്ക ബാരേജ് എന്ന ഒരൊറ്റ സ്ഥലത്തെ ജലലഭ്യത മാത്രം അടിസ്ഥാനമാക്കിയാണ് നിലവിലെ കരാർ രൂപീകരിച്ചിരിക്കുന്നതെന്നും ഇത് കരാറിന്റെ വലിയൊരു പോരായ്മയാണെന്നുമാണ് ബംഗ്ലാദേശിന്റെ വാദം. ഗംഗാനദിയുടെ ഉത്ഭവം മുതൽ കടലിൽ ചേരുന്നതുവരെയുള്ള ഒഴുക്ക് പരിഗണിച്ചാവണം പുതിയ കരാറെന്നാണ് അവരുടെ ആവശ്യം. മുകൾത്തട്ടിൽ നിന്നുള്ള ജലമൊഴുക്ക് കുറഞ്ഞാൽ പരിസ്ഥിതിലോലമായ സുന്ദർബൻ ഡെൽറ്റ പ്രദേശം വരണ്ടുപോകുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. ചുരുക്കത്തിൽ ഇന്ത്യയുടെ ആഭ്യന്തര ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, കിഴക്കൻ അതിർത്തിയിലെ സമാധാനവും ബംഗ്ലാദേശുമായുള്ള സുസ്ഥിരമായ നയതന്ത്രബന്ധവും ഉറപ്പാക്കാൻ ഗംഗാ നദീജല കരാർ ഇന്ത്യയ്ക്ക് അങ്ങേയറ്റം പ്രധാനമാണ്.
Content Highlights: Content Highlight: The historic 1996 Ganga Water Sharing Treaty between India and Bangladesh is set to expire in December 2026, making the upcoming diplomatic review crucial amidst regional political shifts and severe climate change challenges.
Published: 20 May 2026, 05:04 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented