ഇന്ദോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ റെക്കോഡ് പ്രകടനവുമായി ഡൽഹി ബാറ്റർ പ്രിയാൻഷ് ആര്യ. തമിഴ്‌നാടിനെതിരായ മത്സരത്തിൽ 68 പന്തിൽ 181 റൺസ് അടിച്ചെടുത്താണ് പ്രിയാൻഷ് ആര്യ റെക്കോഡ് ബുക്കിൽ ഇടംനേടിയത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 19 സിക്‌സറാണ് പ്രിയാൻഷ് അടിച്ചെടുത്തത്.

To advertise here,

ഓപ്പണറായി ഇറങ്ങിയ പ്രിയാൻഷ് ആദ്യ ഓവറുകളിൽ തന്നെ അടിച്ചുതകർത്തു. മൂന്നാം ഓവറിൽ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 22 റൺസാണ് കണ്ടെത്തിയത്. നാലാം ഓവറിലും സമാനമായിരുന്നു സ്ഥിതി. മൂന്ന് സിക്‌സറും ഒരു ഫോറുമടിച്ച താരം വെടിക്കെട്ട് പൂരം തീർത്തു. ആ ഓവറിൽ അർധസെഞ്ചുറിയും തികച്ചു. 18 പന്തിലാണ് ഫിഫ്റ്റി പിറന്നത്. ആറാം ഓവറിലും രണ്ട് സിക്‌സറും ഒരു ഫോറും അടിച്ചതോടെ ടീം പവർപ്ലേയിൽ 94 റൺസിലെത്തി.

അർധസെഞ്ചുറിക്ക് പിന്നാലെയും പ്രിയാൻഷിന്റെ ബാറ്റിങ് വൈഭവത്തിനാണ് സ്റ്റേഡിയം സാക്ഷിയായത്. തമിഴ്‌നാട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം അതിവേഗം സ്‌കോറുയർത്തി. പ്രിയാൻഷിന്റെ വെടിക്കെട്ട് കണ്ടുനിൽക്കാൻ മാത്രമേ ബൗളർമാർക്കായുള്ളൂ. ഏഴാം ഓവറിൽ 24 റൺസ് കൂടി പിറന്നതോടെ ടീം നൂറുകടന്നു. പ്രിയാൻഷ് സെഞ്ചുറിയിലേക്കും കുതിച്ചു. പത്താം ഓവറിൽ സെഞ്ചുറി തികച്ച ഡൽഹി ബാറ്റർ കത്തിക്കയറി. 36 പന്തിലാണ് മൂന്നക്കം തൊടുന്നത്.

തമിഴ്‌നാട് ബൗളർമാർക്ക് പ്രതിരോധിക്കാനാവാതെ വന്നതോടെ പ്രിയാൻഷ് കുതിച്ചു. 16-ാം ഓവറിൽ ടീം 200 കടന്നു. ഓരോ ഓവറിലും ബൗണ്ടറികളുമായി താരം റെക്കോഡ് സ്‌കോറിനരികെയെത്തി. 17-ാം ഓവറിലും രണ്ട് സിക്‌സർ അടിച്ചു. 19-ാം ഓവറിൽ ഫോറും സിക്‌സറും അടിച്ചതിന് പിന്നാലെ പുറത്തായി. 68 പന്തിൽ 181 റൺസാണ് സമ്പാദ്യം. ഏഴ് ഫോറും 19 സിക്‌സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. ദക്ഷിണാഫ്രിക്ക താരം ലുവാൻ ഡ്രി-പ്രിട്ടോറിയസാണ് (188 റൺസ്) ടി20 യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിനുടമ. ഒരു ടി20 ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ താരങ്ങളുടെ പട്ടികയിൽ ഫിൻ അലനൊപ്പം പ്രിയാൻഷും തലപ്പത്തെത്തി.