ധാക്ക/ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഹസീന താൻ മടങ്ങിയെത്തുന്ന കൃത്യമായ തീയതി വ്യക്തമാക്കിയത്. ബംഗ്ലാദേശ് 'വിജയ് ദിവസ്' ആണ് ഹസീന മടക്കത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ ഡൽഹിയിൽ നിന്ന് തനിക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് ഹസീന ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,

ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് നാടുകടത്തപ്പെട്ടതെന്നും, അതിനാൽ വിജയ് ദിവസിൽ രാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഇതിനായി പുതിയ ബംഗ്ലാദേശ് പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന് ഹസീന ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിടേണ്ടി വന്ന ഹസീന, രണ്ടു വർഷത്തിലേറെയായി ഇന്ത്യയിലാണ്. തുടർന്ന് ഇവരുടെ ബംഗ്ലാദേശ് രേഖകൾ റദ്ദാക്കപ്പെട്ടിരുന്നു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാട്രിക്സ് ചേംബേഴ്സ് എന്ന അഭിഭാഷക സ്ഥാപനം വഴി നവംബർ 9-നാണ് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ പുതിയ ബംഗ്ലാദേശ് പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹസീന അപേക്ഷ നൽകിയത്. എന്നാൽ, ബംഗ്ലാദേശ് സർക്കാർ ഹസീനയ്ക്ക് യാത്രാരേഖകൾ നൽകില്ലെന്ന് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാർ വഴിയാണ് ഹസീനയെ തിരികെ കൊണ്ടുവരേണ്ടതെന്നാണ് ബംഗ്ലാദേശ് നിലപാട്. ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഹസീനയെ തിരികെ കൊണ്ടുവരാൻ വിമാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമസംഭവങ്ങളും വർധിക്കാൻ കാരണമായിട്ടുണ്ട്. വിലക്ക് നേരിടുന്ന ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകർ ഹസീനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ ബോംബേറും തീവെപ്പും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നവംബർ 29, 30 തീയതികളിൽ അവാമി ലീഗ് 48 മണിക്കൂർ രാജ്യവ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

2024 ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ 1,400-ഓളം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഈ സംഭവങ്ങളിൽ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ 2025 നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളും വിധിയും രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഹസീന തള്ളിക്കളഞ്ഞിട്ടുണ്ട്.