നിർദിഷ്ട ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ചൈന നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ്.

ദക്ഷിണേഷ്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള വലിയ നീക്കവുമായി ചൈന! ഇത്തവണ ഇന്ത്യയുടെ കിഴക്കൻ അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ചൈനയുടെ തന്ത്രപരമായ നീക്കം. വലിയ നിക്ഷേപത്തിൽ പൂർത്തിയാക്കുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് (സി.പി.ഇ.സി.) പിന്നാലെ, മ്യാൻമർ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന മറ്റൊരു സാമ്പത്തിക ഇടനാഴിക്കാണ് ചൈന രൂപം നൽകുന്നത്. ഇത് യാഥാർഥ്യമായാൽ ബംഗാൾ ഉൾക്കടലിലേക്ക് ചൈനയ്ക്ക് പുതിയൊരു പാത തുറന്നുകിട്ടും. ബംഗ്ലാദേശ് ഭരണനേതൃത്വം അടുത്തിടെ ബീജിങ് സന്ദർശിച്ചപ്പോൾ പദ്ധതി സംബന്ധിച്ച ചർച്ചകൾ നടന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
കടലാസിൽ മികച്ച വാണിജ്യബന്ധവും ഗതാഗത സംവിധാനങ്ങളും പ്രാദേശിക ഏകീകരണവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. തുറമുഖങ്ങളുടെ ആധുനികവത്കരണത്തിനും വ്യാപാര വിപുലീകരണത്തിനും ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും ഇത് സഹായിക്കുമെന്ന് ബംഗ്ലാദേശ് കരുതുന്നു. എന്നാൽ, ഈ പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ഭൗമരാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. എന്താണ് ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി? പദ്ധതി എങ്ങനെയാണ് ഇന്ത്യയെ ബാധിക്കാൻ സാധ്യത? വിശദമായി പരിശോധിക്കാം.
ചൈന- മ്യാൻമർ- ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി
ചൈനയിലെ യുനാൻ പ്രവിശ്യയെ മ്യാൻമർ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ചൈനയുടെ കുൻമിങ്ങിൽ ആരംഭിച്ച് മ്യാൻമറിലെ മണ്ഡാലെ വഴി ബംഗ്ലാദേശിലെ പ്രധാന തുറമുഖ നഗരങ്ങളിലേക്ക് നീളുന്നതാണ് ഈ പാത. റോഡ്, റെയിൽവേ, ബഹുതല ഗതാഗത സംവിധാനങ്ങൾ എന്നിവയിലൂടെ സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കുകയും ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യമായി പറയുന്നത്.
റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയിൽ ചൈനീസ് നിക്ഷേപം ആകർഷിക്കാനും ചൈനീസ്, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്ക് ബംഗ്ലാദേശിന് കൂടുതൽ പ്രവേശനം ലഭിക്കാനും ഈ ഇടനാഴി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ പ്രധാന കപ്പൽപാതയായ മലാക്ക കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിത്. ബംഗാൾ ഉൾക്കടലിലേക്ക് നേരിട്ട് പ്രവേശനം നേടാനുമുള്ള ചൈനയുടെ ശ്രമമായാണ് ഇതിനെ വിലയിരുത്തുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ സമീപകാല ബീജിങ് സന്ദർശനവേളയിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം, വ്യാപാരം, വാർത്താവിനിമയം തുടങ്ങി വിവിധ മേഖലകളിൽ 17 ധാരണാപത്രങ്ങൾ ഒപ്പിട്ടിരുന്നു. ബംഗ്ലാദേശിലെ തന്ത്രപ്രധാന തുറമുഖങ്ങളായ ചിറ്റഗോങ്ങും മോംഗ്ലയും നവീകരിക്കുന്നതിൽ ചൈന വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചിറ്റഗോങ് തുറമുഖത്തെ ഒരു പ്രാദേശിക ബിസിനസ് ഹബ്ബാക്കി മാറ്റാനാണ് ചൈന ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലും ചൈനയുമായി സഹകരിക്കാൻ ബംഗ്ലാദേശ് ശ്രമിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ചൈനയിലെ യുനാൻ പ്രവിശ്യയെ മ്യാൻമർ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുക എന്ന പഴയ ആശയം പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം. എന്നാൽ ചൈന, ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി വിഭാവനം ചെയ്ത ബി.സി.ഐ.എം. സാമ്പത്തിക ഇടനാഴിക്ക് പകരമായാണ് ഈ പുതിയ പദ്ധതിയെ കാണുന്നത്. ഭൗമരാഷ്ട്രീയ ഭിന്നതകളെത്തുടർന്ന് ബി.സി.ഐ.എം. പദ്ധതി വർഷങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മ്യാൻമറിന്റെ പങ്കാളിത്തവും പ്രതിസന്ധികളും
ചൈന- മ്യാൻമർ- ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴിയുടെ വിജയത്തിന് ഭൂമിശാസ്ത്രപരമായി മ്യാൻമർ അത്യന്താപേക്ഷിതമാണ്. ഇടനാഴി കടന്നുപോകേണ്ടത് ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിലൂടെയാണ്. ചൈനയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള കരമാർഗ്ഗമുള്ള പാലമായാണ് മ്യാൻമർ പ്രവർത്തിക്കുന്നത്. എന്നാൽ, മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങൾ പദ്ധതിക്ക് വലിയ ഭീഷണിയാണ്. രാജ്യത്തെ പല തന്ത്രപ്രധാന മേഖലകളും നിലവിൽ മ്യാൻമർ ഭരണകൂടത്തിന്റെ പൂർണ നിയന്ത്രണത്തിലല്ല. നിലവിൽ രാജ്യത്തിന്റെ 21 ശതമാനം ഭാഗം മാത്രമാണ് സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ള 46 ശതമാനത്തോളം ഭാഗം വിമത ഗ്രൂപ്പുകളുടെ കൈവശമാണ്. മുൻപ് ഇന്ത്യ ആരംഭിച്ച കലാദാൻ മൾട്ടിമോഡൽ പ്രോജക്റ്റ്, ട്രൈലാറ്ററൽ ഹൈവേ എന്നിവ മ്യാൻമറിലെ അസ്ഥിരത കാരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്നതും ഈ അവസരത്തിൽ പ്രസക്തമാണ്.
മ്യാൻമറിൽ നിക്ഷേപമിറക്കി കൈപൊള്ളിയ അവസ്ഥയിലാണ് ചൈന. ചൈനയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ക്യാക്ഫ്യൂ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ റഖൈൻ പ്രദേശം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. മേഖലയിലെ പല ഭാഗങ്ങളുടെയും നിയന്ത്രണം മ്യാൻമർ ഭരണകൂടത്തിന് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ചൈനയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഒരു വൈദ്യുതി നിലയം പൊളിച്ചുമാറ്റി മാറ്റിവെക്കേണ്ടി വന്നിരുന്നതായി വാർത്തകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ മേഖലയിലുള്ള നിലവിലെ ചൈനീസ് നിക്ഷേപങ്ങൾ പലതും വലിയ ഭീഷണി നേരിടുകയുമാണ്. ബംഗ്ലാദേശിനെയും ചൈനയെയും റോഡ്, റെയിൽ മാർഗങ്ങളിലൂടെ ബന്ധിപ്പിക്കുന്നതിന് മ്യാൻമറിലെ സുരക്ഷാ സാഹചര്യം അനുകൂലമാകണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അതൊരിക്കലും ഉറപ്പുനൽകാൻ കഴിയുകയുമില്ല.
ഇന്ത്യ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ
ഇന്ത്യയെക്കൂടി ഉൾപ്പെടുത്തി നാല് രാജ്യങ്ങളെ പങ്കാളികളാക്കി വിഭാവനം ചെയ്ത ബി.സി.ഐ.എം പദ്ധതിയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പുതിയ രൂപമാണ് ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി. ഇന്ത്യയെ ഒഴിവാക്കി, ചൈനയുടെ യുനാൻ പ്രവിശ്യയെ മ്യാൻമർ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുകയെന്ന ആശയമാണ് ഈ നിർദേശത്തിലൂടെ ഫലത്തിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ, മറ്റ് ഗതാഗത മാർഗ്ഗങ്ങൾ വിഭാവനം ചെയ്തതായിരുന്നു പഴയ ബി.സി.ഐ.എം. സാമ്പത്തിക ഇടനാഴി.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ ഇതിനായുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ചൈനയുടെ ഇത്തരം പദ്ധതിയോട് ഇന്ത്യ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. 2019-ലെ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിന് ശേഷം ബി.സി.ഐ.എം. ചൈനയുടെ ഔദ്യോഗിക പദ്ധതികളുടെ പട്ടികയിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നതിനാൽ ബി.ആർ.ഐയിൽ ചേരാൻ ഇന്ത്യ തയ്യാറായതുമില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ ഇടനാഴി അതീവഗൗരവമുള്ള സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ ഇതിനകം വൻതോതിൽ നിക്ഷേപം നടത്തി പാകിസ്താനിലൂടെ അറബിക്കടലിലേക്ക് പ്രവേശനം നേടിക്കഴിഞ്ഞു ചൈന. മ്യാൻമറിലൂടെയും ബംഗ്ലാദേശിലൂടെയും ഒരു ഇടനാഴി യാഥാർഥ്യമായാൽ, തുറമുഖങ്ങൾ, വ്യവസായ മേഖലകൾ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ബംഗാൾ ഉൾക്കടൽ മേഖലയിൽ ചൈനയുടെ സ്വാധീനം കൂടുതൽ ശക്തമാകും.
പരമ്പരാഗതമായി ഇന്ത്യയുടെ സ്വാധീനമേഖലയായി കണക്കാക്കപ്പെടുന്ന ബംഗാൾ ഉൾക്കടലിൽ ചൈനയുടെ നാവിക-സാമ്പത്തിക സാന്നിധ്യം വർദ്ധിക്കുന്നത് ഇന്ത്യ ഒരിക്കലും താത്പര്യപ്പെടുന്നില്ല. മാത്രമല്ല, ഇന്ത്യയുടെ കിഴക്കൻ മേഖലയ്ക്ക് ചുറ്റും ചൈനീസ് സ്വാധീനം വർധിക്കാൻ ഇത് കാരണമാകും. ഇടുങ്ങിയ 'ചിക്കൻസ് നെക്ക്' വഴി ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ചൈനീസ് ഇടനാഴി സുരക്ഷാ ഭീഷണിയായേക്കും. ഇതിനൊപ്പം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഭാഗമായുള്ള കണക്റ്റിവിറ്റി പദ്ധതികളുടെ പ്രാധാന്യം കുറയ്ക്കാനും ഈ പദ്ധതി വഴിവെച്ചേക്കാം എന്നാണ് മറ്റൊരു ആശങ്ക.
ഭൂമിശാസ്ത്രപരമായ മേൽക്കൈയും ഇന്ത്യയുടെ മറുതന്ത്രവും
ഈ നിർദിഷ്ട ഇടനാഴി ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ചൈന നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ്. പദ്ധതിക്ക് വേണ്ടി ബംഗ്ലാദേശിനും മ്യാൻമറിനും മേൽ ചൈന സാമ്പത്തികമായും സൈനികമായും സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് ഭൂമിശാസ്ത്രപരമായും തന്ത്രപരമായും ചില അനുകൂല ഘടകങ്ങളുണ്ട്. ബംഗ്ലാദേശിന് തങ്ങളുടെ ജലസുരക്ഷ, ഊർജ്ജ ആവശ്യങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്ക് ഇന്ത്യയെ ഒഴിവാക്കാനാവില്ല.
മ്യാൻമറിനും തങ്ങളുടെ അതിർത്തി സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ പ്രധാന പങ്കാളിയാണ്. ഈ സ്വാഭാവിക ബന്ധങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വടക്കുകിഴക്കൻ മേഖലയെ അയൽരാജ്യങ്ങളുമായുള്ള ഒരു വ്യാപാര-സാംസ്കാരിക പാലമായി വികസിപ്പിക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മികച്ച പ്രതിരോധ മാർഗ്ഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ, ചൈന-മ്യാൻമർ-ബംഗ്ലാദേശ് സാമ്പത്തിക ഇടനാഴി എന്നത് ഒരു നിർദേശം മാത്രമാണ്. ഇതൊരു പൂർണ പദ്ധതിയായി മാറേണ്ടതുണ്ട്. മേഖലയിലെ സ്ഥിരത, രാഷ്ട്രീയ സഹകരണം, സുരക്ഷാ-നയതന്ത്ര വെല്ലുവിളികളെ അതിജീവിക്കാനുള്ള ബന്ധപ്പെട്ട അംഗരാജ്യങ്ങളുടെ ശേഷി എന്നിവയെയെല്ലാം ആശ്രയിച്ചാണ് പദ്ധതിയുടെ ഭാവി. മ്യാൻമറിലെ ആഭ്യന്തര സാഹചര്യം മോശമായതിനാൽ ചൈനീസ് പദ്ധതി ഉടൻ യാഥാർഥ്യമാകാൻ സാധ്യത കുറവുമാണ്. പക്ഷേ, ഈ നീക്കത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.
പദ്ധതി ഉടൻ നടപ്പാകില്ലെങ്കിലും ബംഗാൾ ഉൾക്കടലിലും പരിസര പ്രദേശങ്ങളിലും സ്വാധീനം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നിരന്തര ശ്രമമാണ് ഇത് വ്യക്തമാക്കുന്നത്. ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ബി.സി.ഐ.എം. പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിട്ടും ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ബദൽ മാർഗങ്ങൾക്കായി ചൈന നിരന്തരം ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പുതിയ നീക്കം.
Content Highlights: China is planning a new economic corridor linking its Yunnan province to Bangladesh via Myanmar to gain strategic access to the Bay of Bengal and bypass reliance on the Malacca Strait, posing significant geopolitical and security challenges for India's northeastern region.
Published: 02 Jul 2026, 06:20 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented