ചെന്നൈ: ഐപിഎല്ലിൽ താരലേലത്തിനായി തലപുകയ്ക്കുകയാണ് ഫ്രാഞ്ചൈസികൾ. സൂപ്പർ താരങ്ങളെയടക്കം പുറത്താക്കി അടിമുടി പൊളിച്ചെഴുതുകയാണ് ഓരോ ടീമും. പുതിയ സീസണിൽ ആരാധകർ ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് ചെന്നൈ സൂപ്പർ കിങ്‌സാണ്. ഇതിഹാസതാരം മഹേന്ദ്ര സിങ് ധോനി ടീമിന്റെ മെന്ററായി എത്തിക്കഴിഞ്ഞു. എന്നാൽ വരാനിരിക്കുന്ന താരലേലത്തിൽ ധോനി പങ്കെടുക്കാനിടയില്ലെന്നാണ് മുൻ താരം ഇർഫാൻ പഠാൻ പറയുന്നത്.

To advertise here,

‘ധോനിയെ എനിക്കറിയാം, അദ്ദേഹം ലേലത്തിൽ മേശയ്ക്ക് ചുറ്റും ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം മെന്ററാണ്. ലേലത്തിൽ പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്റെ ജോലിയല്ല. കളിക്കാരെ നയിക്കുക, തന്റെ അനുഭവസമ്പത്ത് അവർക്ക് കൈമാറുക, മികച്ച പ്രകടനം പുറത്തെടുക്കാൻ അവരെ സഹായിക്കുക, ചെന്നൈക്കായി മത്സരങ്ങൾ ജയിക്കാൻ അവരെ പഠിപ്പിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ജോലി. ലേലവും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാനേജ്‌മെന്റിന് വിട്ടുകൊടുത്തിരിക്കുന്നു.’-പഠാൻ പറഞ്ഞു.

കാര്യങ്ങൾ ലളിതമായി കാണാനാണ് ധോനിക്ക് താത്പര്യമെന്നും പഠാൻ കൂട്ടിച്ചേർത്തു. ശക്തമായ മാനേജ്മെന്റ് ചെന്നൈക്കുണ്ട്. ധോനി എപ്പോഴും അവരെ പൂർണമായി വിശ്വസിച്ചിട്ടുണ്ട്.-പഠാൻ പറഞ്ഞു.

‘ധോനി ഒരിക്കലും പ്രശസ്തി ആഗ്രഹിക്കുന്നയാളോ ഗ്രൗണ്ടിന് പുറത്തുള്ള തീരുമാനങ്ങളുടെ ക്രെഡിറ്റ് തന്റേത് മാത്രമാക്കാൻ ശ്രമിക്കുന്ന ആളോ അല്ല. തന്റെ പുതിയ റോളിൽ നിശ്ശബ്ദമായി പ്രവർത്തിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. അതുകൊണ്ട്, ചെന്നൈയ്ക്കായി ലേലത്തിൽ അദ്ദേഹത്തെ കണ്ടാൽ ഞാൻ അദ്ഭുതപ്പെടും. ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ അദ്ദേഹം തന്റേതായ രീതിയിൽ സജീവമായിരിക്കും, പക്ഷേ അത് ലേലത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കില്ലെന്നും’ പഠാൻ വ്യക്തമാക്കി.

ധോനിയെ മെന്ററാക്കുന്നതിലൂടെ ചെന്നൈക്ക് ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. ധോനിയുടെ അനുഭവ സമ്പത്ത് കൂടി ടീമിന് ഗുണകരമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദിനും ടീമിലെ പുതിയ താരങ്ങൾക്കും ഡ്രസ്സിങ് റൂമിലെ ധോനിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകും. തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ആദ്യ ഇലവനെ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായിരിക്കും.