
ന്യൂഡൽഹി: ബംഗ്ലാദേശിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടൂറിസ്റ്റ് വിസകൾ പുനരാരംഭിച്ചതോടെ വിസ കേന്ദ്രങ്ങളിൽ വൻ തിരക്ക്. ബംഗ്ലാദേശിന് ഇന്ത്യയോടുള്ള താൽപ്പര്യം കുറഞ്ഞെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തിരക്ക്. 24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകളാണ് ഇന്ത്യൻ വിസ കേന്ദ്രങ്ങൾക്ക് ലഭിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ കലാപങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയത്. ആ സമയത്ത് ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ജീവനക്കാർ ഭീഷണി നേരിടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ടൂറിസ്റ്റ് വിസകൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് വന്ന മുഹമ്മദ് യൂനസിന്റെ ഭരണകാലത്ത് ഇന്ത്യ വിരുദ്ധ വികാരം രാജ്യത്ത് വർദ്ധിച്ചതും നയതന്ത്ര ബന്ധങ്ങൾ വഷളാകാൻ കാരണമായി.
പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഭരണത്തിൻ കീഴിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെയാണ് ടൂറിസ്റ്റ് വിസകൾ വീണ്ടും അനുവദിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്ററിന് മുന്നിൽ മാത്രം ഒരു കിലോമീറ്ററിലധികം നീളമുള്ള ക്യൂ ദൃശ്യമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മുമ്പ് 16 വിസ അപേക്ഷാ കേന്ദ്രങ്ങൾ ബംഗ്ലാദേശിൽ ഉടനീളം പ്രവർത്തിച്ചിരുന്നു. നിലവിൽ അഞ്ച് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ബംഗ്ലാദേശിലെ മധ്യവർഗം മെച്ചപ്പെട്ടതും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സയ്ക്കും വിവാഹ ഷോപ്പിങിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി പരിഗണിക്കുന്നത് ഇന്ത്യയെയാണ്. പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാനും ബംഗ്ലാദേശികൾക്ക് ഇന്ത്യയിൽ എത്തേണ്ടത് അനിവാര്യമാണ്. മെഡിക്കൽ വിസകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ പലരും ഇപ്പോൾ ടൂറിസ്റ്റ് വിസകളെയാണ് ആശ്രയിക്കുന്നത്.
2023-24 കാലയളവിൽ 21 ലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശിച്ചപ്പോൾ, വിസ നിയന്ത്രണങ്ങൾ വന്നതോടെ 2025-ൽ ഇത് വെറും 4.70 ലക്ഷമായി ചുരുങ്ങിയിരുന്നു. ചികിത്സയ്ക്കായി തായ്ലൻഡ്, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങൾ മറ്റ് ഓപ്ഷനുകളായി ഉണ്ടെങ്കിലും, സാധാരണക്കാർക്ക് അവിടങ്ങളിലെ ചിലവ് താങ്ങാനാവില്ല. കൊൽക്കത്തയിലെ ഭാഷാപരമായ സാമ്യവും ഭക്ഷണ രീതികളും ഡോക്ടർമാരുമായി സംവദിക്കാനുള്ള എളുപ്പവുമാണ് പലരെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
വിസ പുനരാരംഭിച്ചത് പശ്ചിമ ബംഗാളിലെ ബിസിനസ് മേഖലയ്ക്കും പുത്തൻ ഉണർവ് നൽകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പോലുള്ള വ്യാപാര കേന്ദ്രങ്ങളിൽ മാത്രം 1,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
Content Highlights: India resumes tourist visas for Bangladesh in 2026 after a two-year freeze. thousands are queuing in Dhaka for medical care and travel.
Published: 01 Jul 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented