ഇസ്ലാമാബാദ്: പാകിസ്താൻ ടെസ്റ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചതിന്റെ കാരണം വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ മുൻ ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്പി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എടുത്ത ചില തീരുമാനങ്ങൾ തനിക്ക് അപമാനമുണ്ടാക്കിയെന്ന് ഗില്ലെസ്പി പറഞ്ഞു.

To advertise here,

അസിസ്റ്റന്റ് കോച്ച് ടിം നീൽസനെ പുറത്താക്കുന്നതിന് മുൻപ് പിസിബി താനുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും ഈ നീക്കം അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിലെ ഒരു ചോദ്യോത്തരവേളയിൽ പാകിസ്താൻ ലീഗിനെക്കുറിച്ച് (പിഎസ്എൽ) അഭിപ്രായം ചോദിച്ച ഒരു ആരാധകനോട് മറുപടി പറയവേയാണ് ഗില്ലസ്പിയുടെ വെളിപ്പെടുത്തൽ. പിഎസ്എൽ മികച്ച മത്സരമാണെന്ന് ഗില്ലസ്പി അഭിപ്രായപ്പെട്ടു.

എന്നിട്ടും എന്തുകൊണ്ടാണ് പാക് ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നതെന്ന് മറ്റൊരു ആരാധകൻ ചോദിച്ചു. തുടർന്ന് പാക് ക്രിക്കറ്റിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

'പാകിസ്താൻ ടെസ്റ്റ് ടീമിന്റെ കോച്ചായിരുന്നു ഞാൻ. എന്നോട് ഒരു ആശയവിനിമയവും നടത്താതെയാണ് പിസിബി ഞങ്ങളുടെ സീനിയർ അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയത്. മുഖ്യ പരിശീലകനെന്ന നിലയിൽ ഈ സാഹചര്യം എനിക്ക് ഒട്ടും അംഗീകരിക്കാനാവുമായിരുന്നില്ല. എന്നെ പൂർണമായും അപമാനിതനാക്കിയ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു' - ഗില്ലസ്പി കുറിച്ചു.

2024 ഏപ്രിലിൽ പാക് ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗില്ലസ്പി, എട്ട് മാസങ്ങൾക്കുശേഷം പദവി രാജിവെച്ചു. ദക്ഷിണാഫ്രിക്കയിലെ പാകിസ്താന്റെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു രാജി.