ന്യൂഡൽഹി: ബാറ്റർമാർ മൈതാനത്ത് താണ്ഡവമാടിയപ്പോൾ ഐപിഎല്ലിൽ ശനിയാഴ്ച പിറന്നത് വെടിക്കെട്ട് പൂരം. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും അടിച്ചുതകർത്തപ്പോൾ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും റൺപൂരം തീർത്തു. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അതോടെ പുതുചരിത്രം പിറന്നു. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺചേസിന്റെ റെക്കോഡാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ വൈഭവിന്റെ സെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 229 റൺസ് ലക്ഷ്യം എസ്ആർഎച്ചും മറികടന്നു.

To advertise here,

രണ്ട് മത്സരങ്ങളിൽ നിന്നുമായി ഐപിഎല്ലിൽ ശനിയാഴ്ച പിറന്നത് 986 റൺസാണ്. ഡൽഹിയിൽ 529 റൺസും ജയ്പുരിൽ 457 റൺസും. ഒരു ദിവസം ഐപിഎല്ലിൽ പിറക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. ഇതിന് മുൻപ് രണ്ട് മത്സരങ്ങളിൽ നിന്നുമായി ഒരൊറ്റ ദിവസം ഇത്രയും റൺസ് വന്നിട്ടില്ല. 2024 ഏപ്രിൽ 27 നാണ് ഇതിന് മുൻപ് കൂടുതൽ റൺസ് പിറന്ന ദിനം. അന്ന് 899 റൺസാണ് ടീമുകളെല്ലാം ചേർന്ന് അടിച്ചെടുത്തത്. ഐപിഎല്ലിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന ദിനം കൂടിയാണ് ശനിയാഴ്ച 59 സിക്‌സറുകളാണ് ടീമുകൾ നേടിയത്.

18.5 ഓവറിൽ 265 റൺസടിച്ച് പഞ്ചാബ്

സിക്‌സും ഫോറും കാണാൻ കാശുമുടക്കിയെത്തിയവർക്ക് വെടിക്കെട്ടിന്റെ മെഗാപൂരം സമ്മാനിച്ച് പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും. അടിയും തിരിച്ചടിയും ആവോളംകണ്ട മത്സരത്തിൽ ഐ.പി.എൽ. ക്രിക്കറ്റ് ചരിത്രത്തിലെ റൺചേസിന്റെ സ്വന്തം റെക്കോഡ് തിരുത്തി പഞ്ചാബ് കിങ്‌സ് ആറുവിക്കറ്റിന്റെ ഗംഭീര ജയംനേടി. ആദ്യം ബാറ്റുചെയ്ത ഡൽഹി 20 ഓവറിൽ രണ്ടുവിക്കറ്റിന് 264 റൺസടിച്ച് പടുകൂറ്റൻ വിജയലക്ഷ്യമൊരുക്കി. എന്നാൽ, റൺചേസിൽ റെക്കോഡ് സ്വന്തമുള്ള പഞ്ചാബ് പതറിയില്ല. 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 265 റൺസടിച്ച് നിഷ്പ്രയാസം ലക്ഷ്യത്തിലെത്തി. സീസണിലെ ഉയർന്ന സ്‌കോർകൂടിയാണിത്.

റെക്കോഡ് റൺചേസ്

കഴിഞ്ഞവർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 262 റൺസ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്ത് പഞ്ചാബ് റെക്കോഡിട്ടിരുന്നു. ആ റെക്കോഡാണ് തകർത്തത്. 36 പന്തിൽ 71 റൺസുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 26 പന്തിൽ 76 റൺസടിച്ച ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങുമാണ് വിജയത്തിന് ചുക്കാൻപിടിച്ചത്.

പ്രഭ്‌സിമ്രാനൊപ്പം സഹ ഓപ്പണർ പ്രിയാൻഷ് ആര്യയും (17 പന്തിൽ 43) കത്തിക്കറിയപ്പോൾ പഞ്ചാബ് ഇന്നിങ്‌സ് റോക്കറ്റുപോലെ കുതിച്ചുയർന്നു. 2.5 ഓവറിൽ 50 പിന്നിട്ട ടീം 5.2 ഓവറിൽ 100-ലെത്തി. ഓപ്പണിങ് വിക്കറ്റിൽ 42 പന്തിൽ 126 റൺസാണ് വന്നത്. 18 പന്തിലാണ് പ്രഭ്‌സിമ്രാൻ അർധസെഞ്ചുറി കണ്ടെത്തിയത്. 10.1 ഓവറിൽ പഞ്ചാബ് 150 പിന്നിട്ടു. 26 പന്തിൽ ശ്രേയസ് അർധസെഞ്ചുറി കണ്ടെത്തുമ്പോൾ ടീം വിജയത്തിന് അടിത്തറയിട്ടിരുന്നു. ശ്രേയസ് ഏഴും പ്രഭ്‌സിമ്രാനും പ്രിയാൻഷും അഞ്ചുവീതവും സിക്‌സുകൾ നേടി.

രാഹുലിന് റെക്കോഡ്

ഐ.പി.എലിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോറും ആദ്യമായി 150 റൺസ് നേടുന്ന റെക്കോഡും ഡൽഹി താരം കെ.എൽ. രാഹുൽ സ്വന്തമാക്കിയ മത്സരമായിരുന്നു ഇത്. 67 പന്തിൽ 152 റൺസാണ് താരം അടിച്ചുകൂട്ടിയത്. ലീഗിലെ മെല്ലെപ്പോക്കുകാരൻ എന്ന വിമർശനത്തിനുള്ള മറുപടിയാണ് രാഹുൽ നൽകിയത്. 26 പന്തിൽ അർധസെഞ്ചുറിനേടിയ രാഹുൽ 47 പന്തിൽ സെഞ്ചുറിയിലെത്തി. 66 പന്തിലാണ് 150 റൺസ് കണ്ടെത്തിയത്. രാഹുലിന് ശക്തമായ പിന്തുണനൽകിയ നിധീഷ് റാണ 44 പന്തിൽ 91 റൺസ് കണ്ടെത്തി. 11 ഫോറും നാലു സിക്‌സും ഇന്നിങ്‌സിലുണ്ട്. 29 പന്തിലാണ് റാണയുടെ അർധശതകം വന്നത്.

തുടക്കത്തിൽ അർഷ്ദീപിന്റെ പന്തിൽ ശശാങ്ക് സിങ് ക്യാച്ച് വിട്ടത് മുതലെടുത്താണ് രാഹുൽ ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കെട്ടിപ്പടുത്തത്. രണ്ടാം വിക്കറ്റിൽ രാഹുലും നിധീഷും ചേർന്ന് 220 റൺസാണ് കൂട്ടിച്ചേർത്തത്. ഐ.പി.എലിലെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ടീം തോറ്റെങ്കിലും രാഹുലാണ് കളിയിലെ താരം.

ആ രണ്ട് ഓവറുകൾ

ഡൽഹി താരം മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിൽ ആറ് ഫോറുകളാണ് പഞ്ചാബ് താരം പ്രഭ്‌സിമ്രാൻ നേടിയത്. അതുപോലെ ഡൽഹി ബാറ്റിങ്ങിൽ പഞ്ചാബ് താരം സേവ്യർ ബർട്ട്‌ലെറ്റ് എറിഞ്ഞ 12-ാം ഓവറിൽ 28 റൺസാണ് വന്നത്. നിധീഷ് റാണ രണ്ട് സിക്‌സും നാല് ഫോറുമാണ് നേടിയത്.

ഉദിച്ചുയർന്ന് ഹൈദരാബാദ്

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറിക്ക് ഇഷാൻ കിഷനും അഭിഷേക് ശർമയും മറുപടി നൽകിയപ്പോൾ ഐ.പി.എൽ. ക്രിക്കറ്റിൽ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസിനെതിരേ അഞ്ചു വിക്കറ്റിനാണ് ജയിച്ചത്. സ്‌കോർ: രാജസ്ഥാൻ 20 ഓവറിൽ ആറിന് 228. ഹൈദരാബാദ് 18.3 ഓവറിൽ അഞ്ചിന് 229.

32 പന്തിൽ 74 റൺസടിച്ച ഇഷാൻ കിഷനും 29 പന്തിൽ 57 റൺസ് നേടിയ അഭിഷേക് ശർമയും ചേർന്നാണ് ഹൈദരാബാദിനെ വിജയതീരത്തെത്തിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 55 പന്തിൽ 132 റൺസ് നേടിയതോടെ വമ്പൻ ലക്ഷ്യം പിന്തുടരാനുള്ള അടിത്തറയായി. ഹെന്റ്രിച്ച് ക്ലാസൻ 29 റൺസും നിധീഷ് കുമാർ റെഡ്ഡി 36 റൺസും നേടി. എട്ട് ബൗളർമാരെ രാജസ്ഥാൻ നായകൻ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. പരിക്കിൽനിന്ന് മുക്താനായെത്തിയ പാറ്റ് കമിൻസാണ് ഹൈദരാബാദിനെ നയിച്ചത്.

സൂര്യശോഭ

പ്രഫുൽ ഹിൻഗെ എറിഞ്ഞ ആദ്യ ഓവറിൽ നാല് പടുകൂറ്റൻ സിക്സുകളുമായാണ് വൈഭവ് സൂര്യവംശി തുടങ്ങിയത്. പിന്നെ അടിനിർത്തിയത് 37 പന്തിൽ 103 റൺസിലെത്തിയശേഷം. ഐ.പി.എൽ. വിസ്മയം തുടരുന്ന സൂര്യവംശിയുടെ മറ്റൊരു ഇടിവെട്ട് പ്രകടനം. 12 സിക്സും അഞ്ച് ഫോറുകളുമായി കൗമാരതാരം അടിച്ചുതിമിർത്തതോടെയാണ് രാജസ്ഥാൻ കൂറ്റൻ സ്കോറിലെത്തിയത്.

ഐ.പി.എലിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് സൂര്യവംശി കുറിച്ചത്. 36 പന്തിലാണ് നേട്ടം. കഴിഞ്ഞ വർഷം 35 പന്തിൽ സെഞ്ചുറി നേടിയ സൂര്യവംശിയുടെ പേരിലാണ് രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും. ലീഗിൽ 500 റൺസ് തികയ്ക്കുന്ന പ്രായംകുറഞ്ഞ താരംകൂടിയായി 15 വയസ്സുകാരൻ.