ബെര്‍മിങ്ങാം: പഴയകാല ക്രിക്കറ്റ് താരങ്ങളുടെ മത്സരമായ ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ്  ഫൈനലില്‍. മറ്റൊരു സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെത്തിയ പാകിസ്താനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഇതോടെ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ-പാകിസ്താന്‍ ഫൈനലിന് കളമൊരുങ്ങി. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30നാണ് മത്സരം. 

To advertise here,

യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരേ 86 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറഇല്‍ 254 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

35 പന്തില്‍നിന്ന് നാല് സിക്‌സും ആറ് ബൗണ്ടറിയുമായി ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 65 റണ്‍സ് നേടി. അമ്പാട്ടി റായുഡു (14), സുരേഷ് റെയ്‌ന (5) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഉത്തപ്പ ഒരുവശത്ത് നിലയുറപ്പിച്ചു. യുവരാജ് സിങ്ങുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 47 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 28 പന്തുകളില്‍നിന്നാണ് യുവരാജ് 59 റണ്‍സ് നേടിയത്. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നു. തുടര്‍ന്ന് യൂസഫ് പത്താന്‍ (23 പന്തില്‍ 51), ഇര്‍ഫാന്‍ പത്താന്‍ (19 പന്തില്‍ 50) എന്നിവരും തിളങ്ങി. 

യുവരാജും യൂസഫ് പത്താനും ചേര്‍ന്ന് നാലോവറില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തു. തുടര്‍ന്ന് സഹോദരന്മാര്‍ തമ്മിലായി കൂട്ടുകെട്ട്. ഇര്‍ഫാന്‍ കളത്തിലെത്തിയതോടെ സ്‌കോര്‍വേഗം വീണ്ടും വര്‍ധിച്ചു. 5.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 95 റണ്‍സാണ്. അവസാന ഓവറില്‍ ഇര്‍ഫാന്‍ പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിലും ഇരുവരും ക്രീസില്‍ ഒരുമിച്ചിരുന്നു. എന്നാല്‍ ധാരണാപ്പിഴവ് മൂലം ഇര്‍ഫാന്‍ റണ്ണൗട്ടായി. ഇതോടെ യൂസഫിനെതിരേ ഇര്‍ഫാന്‍ കയര്‍ത്തതും തുടര്‍ന്ന് നെറ്റിയില്‍ ചുംബിച്ച് ആലിംഗനം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ 168-ന് ഏഴ് എന്ന നിലിയല്‍  അവസാനിച്ചു. 40 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. ഇന്ത്യക്കായി ധവാല്‍ കുല്‍ക്കര്‍ണി, പവന്‍ നേഗി എന്നിവര്‍ രണ്ടും ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. നേരത്തേ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സിഡ്ല്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ പിഴുതു.