അഹമ്മദാബാദ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ അഹമ്മദാബാദിലേക്കാണ്. ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യും ന്യൂസീലൻഡും മാറ്റുരയ്ക്കുമ്പോൾ പോരാട്ടം തീ പാറുമെന്നുറപ്പാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമകളല്ല നൽകുന്നത്. തകർപ്പൻ പ്രകടനം നടത്തി 2023 ലോകകപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീം ഓസ്‌ട്രേലിയയോട് കീഴടങ്ങിയത് ഇന്ത്യൻ ആരാധകരുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. ഈ ആശങ്കയ്ക്കിടെയാണ് മറ്റൊരു ആശങ്ക തലപൊക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ഫൈനൽ നടക്കുന്നത് ഞായറാഴ്ചയാണ്. ഇതുവരെ ഞായറാഴ്ച കളിച്ച ഒരു ലോകകപ്പ് ഫൈനലും ഇന്ത്യ ജയിച്ചിട്ടില്ല.

To advertise here,

ഇന്ത്യ പരാജയപ്പെട്ട 2003-ലെ ഏകദിന ലോകകപ്പ് ഫൈനലും 2014-ലെ ടി20 ലോകകപ്പ് ഫൈനലും 2023-ലെ ഏകദിന ലോകകപ്പ് ഫൈനലും നടന്നത് ഞായറാഴ്ചയായിരുന്നു. മാത്രമല്ല 2017-ൽ പാകിസ്താനോട് പരാജയപ്പെട്ട ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടന്നതും ഞായറാഴ്ച തന്നെ.

ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ 2003 മാർച്ച് 23 ഞായറാഴ്ചയായിരുന്നു ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ. 125 റൺസിനാണ് ഇന്ത്യ ആ മത്സരം തോറ്റത്. 2014-ലെ ടി20 ലോകകപ്പ് ഫൈനലും ഇന്ത്യ തോറ്റത് ഒരു ഞായറാഴ്ചയായിരുന്നു. 2014 ഏപ്രിൽ ആറ് ഞായറാഴ്ചയായിരുന്നു ആ മത്സരം. ശ്രീലങ്കയോട് ആറു വിക്കറ്റിനായിരുന്നു അന്ന് തോൽവി.

2017-ൽ പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടന്നത് ജൂൺ 18 ഞായറാഴ്ചയായിരുന്നു. 180 റൺസിന്റെ ദയനീയ തോൽവിയാണ് അന്ന് ഇന്ത്യ നേരിട്ടത്.

2023-ലെ ലോകകപ്പ് മത്സരം നവംബർ 19 ഞായറാഴ്ചയായിരുന്നു. ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യയുടെ തോൽവി.

ഇന്ത്യ കിരീടമണിഞ്ഞ 1983-ലെ ഏകദിന ലോകകപ്പ് ഫൈനലും 2007-ലെ ടി20 ലോകകപ്പ് ഫൈനലും 2011-ലെ ഏകദിന ലോകകപ്പ് ഫൈനലും 2024 ടി20 ലോകകപ്പ് ഫൈനലും നടന്നത് ഞായറാഴ്ചയായിരുന്നില്ല.

1983-ലെ ലോകകപ്പ് ഫൈനൽ മത്സരം നടന്നത് ലോർഡ്‌സിൽ ജൂൺ 25 ശനിയാഴ്ചയായിരുന്നു. വെസ്റ്റിൻഡീസിനെ 43 റൺസിന് കീഴടക്കിയാണ് അന്ന് ഇന്ത്യ ജേതാക്കളായത്.

2007-ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയത് സെപ്റ്റംബർ 24 തിങ്കളാഴ്ചയായിരുന്നു. പാക്‌സിതാനെ അഞ്ചു റൺസിന് കീഴടക്കിയായിരുന്നു അന്ന് കിരീടനേട്ടം.

2011-ൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടമുയർത്തിയത് ഏപ്രിൽ രണ്ട് ശനിയാഴ്ചയായിരുന്നു. 2024-ലെ ടി20 ലോകകപ്പ് ഫൈനൽ നടന്നതും ബാർബഡോസിൽ ജൂൺ 29 ശനിയാഴ്ചയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴു റൺസിനായിരുന്നു അന്ന് ജയിച്ചത്.

എന്നാൽ 2013-ലെയും 2025-ലെയും ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ നേടിയത് ഞായറാഴ്ചയായിരുന്നു എന്ന വസ്തുതയും ഇതിനിടയിലുണ്ട്. 2013-ൽ ബർമിങ്ങാമിൽ ഇംഗ്ലണ്ടിനെ അഞ്ചു റൺസിന് കീഴടക്കി ഇന്ത്യ കിരീടമുയർത്തിയത് ജൂൺ 23 ഞായറാഴ്ചയായിരുന്നു. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെ നാലു വിക്കറ്റിന് കീഴടക്കി ചാമ്പ്യൻസ് ട്രോഫി നേടിയത് മാർച്ച് ഒമ്പത് ഞായറാഴ്ചയായിരുന്നു. എന്നാൽ 2013-ലെ മത്സരം നടന്നത് ഞായറാഴ്ചയായിരുന്നെങ്കിലും സാങ്കേതികമായി ഇന്ത്യയുടെ കിരീട വിജയം പിറക്കുമ്പോൾ ഇന്ത്യൻ സമയം തിങ്കളാഴ്ചയായിരുന്നു.