ലണ്ടന്‍: ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഇന്ത്യ പതറുന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 17.4 ഓവറിൽ 58 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തി. 33 റൺസുമായി കെ.എൽ രാഹുൽ ക്രീസിൽ തുടരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടാം ഓവറിൽ ഡക്കായി മടങ്ങി. ജോഫ്ര ആർച്ചറിനാണ് വിക്കറ്റ്. കരുൺ നായരെയും (14) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും (6) ബ്രൈഡൻ കാർസ് വിക്കറ്റിനു മുന്നിൽ കുരുക്കി. ആകാശ് ദീപിനെ (1) സ്റ്റോക്സും പുറത്താക്കി.
നേരത്തേ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 62.1 ഓവറിൽ 192 റൺസിൽ പുറത്തായിരുന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ നാലുവിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകൾ നേടിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും ആകാശ് ദീപും ഓരോ വിക്കറ്റും നേടി. 40 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ.
ഓപ്പണർ ബെൻ ഡക്കറ്റ് (12) ആണ് ആദ്യം മടങ്ങിയത്. ആറാം ഓവറിൽ ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് നൽകി സിറാജ് ഇന്നിങ്സിലെ ആദ്യ വിക്കറ്റ് നേടി. 12-ാം ഓവറിൽ ഒലി പോപ്പിനെ (4) വിക്കറ്റിനു മുന്നിൽ കുരുക്കി സിറാജ് വിക്കറ്റ് നേട്ടം രണ്ടാക്കി. ഓപ്പണർ സാക് ക്രൗളിയെ (22) നിതീഷ് കുമാർ റെഡ്ഡിയും മടക്കി. യശസ്വി ജയ്സ്വാളിന് ക്യാച്ചായാണ് പുറത്തായത്. തകർപ്പനടികളുമായി മുന്നേറുകയായിരുന്ന ഹാരി ബ്രൂക്കിന് (23) ആകാശ്ദീപും കടിഞ്ഞാണിട്ടതോടെ ഇംഗ്ലണ്ട് നാലിന് 87 എന്ന നിലയിലെത്തി.
തുടർന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് നിലയുറപ്പിച്ച് കളിച്ചു. അഞ്ചാംവിക്കറ്റിൽ ഇരുവരും 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 43-ാം ഓവറിൽ വാഷിങ്ടൺ സുന്ദറെത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൂട്ടിനെ (40) വെട്ടി വാഷിങ്ടൺ ഇന്നിങ്സിലെ ആദ്യ വിക്കറ്റ് നേടി. പിന്നാലെ വിക്കറ്റ് കീപ്പർ ജെമീ സ്മിത്തിനെയും (8) ബെൻ സ്റ്റോക്സിനെയും (33) വാഷിങ്ടൺ തന്നെ പുറത്താക്കി. ബ്രൈഡൻ കാർസിനെയും (1) ക്രിസ് വോക്സിനെയും (10) ബുംറയും മടക്കി. ഇതോടെ ഇംഗ്ലണ്ടിന് 182 റൺസ് ലീഡ്. ഷുഐബ് ബഷീറിനെ പത്താമനായി സുന്ദർ പറഞ്ഞയച്ചതോടെ ഇംഗ്ലണ്ട് സ്കോർ 192-ൽ അവസാനിച്ചു. ഇന്ത്യക്ക് 193 റൺസെടുത്താൽ ജയിക്കാം.
നേരത്തേ ആദ്യ ഇന്നിങ്സില്‍ ഇരുടീമിനും ഒരേ സ്കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകള്‍ വീണത്. കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നുവിക്കറ്റ് വീഴ്ത്തി.
Content Highlights: india vs england test cricket 4th day
Published: 13 Jul 2025, 11:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented