പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യ ശക്തമായ നിലയില്‍. 46 റണ്‍സിന്റെ ലീഡ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം 50 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 145 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (74), കെ.എല്‍. രാഹുലും (57) ആണ് ക്രീസില്‍. ഒരു സിക്സും ആറ് ഫോറും ചേര്‍ന്നതാണ് ജയ്സ്വാളിന്റെ ഇന്നിങ്സെങ്കില്‍, രാഹുലിന്റെ ബാറ്റില്‍നിന്ന് പിറന്നത് നാല് ഫോറുകളാണ്.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ ബാറ്റേന്തിയ ഓസ്ട്രേലിയക്ക് 104 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയയെ വേഗത്തില്‍ ഒതുക്കിയത്.
79-ല്‍ ഒന്‍പത് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ഓസ്ട്രേലിയയെ പത്താം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് 100 കടത്തിയത്. ടീമിന്റെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പും പത്താം വിക്കറ്റിലേതുതന്നെ-25 റണ്‍സ്. നേരത്തേ നാലുവിക്കറ്റുമായി ഹേസല്‍വുഡും രണ്ട് വിക്കറ്റുമായി സ്റ്റാര്‍ക്കും ബൗളിങ്ങിലും തിളങ്ങിയിരുന്നു. 112 പന്തില്‍ 26 റണ്‍സ് നേടിയ സ്റ്റാര്‍ക്കാണ് ടോപ് സ്കോറര്‍. ഹേസല്‍വുഡ് 31 പന്തില്‍ ഏഴ് റണ്‍സ് നേടി.
കഴിഞ്ഞ ദിവസം ഏഴിന് 67 എന്ന നിലയില്‍ തകര്‍ന്ന ഓസ്ട്രേലിയ, രണ്ടാംദിനം 37 റണ്‍സ്കൂടി അധികം ചേര്‍ത്തു. അലക്സ് കാരിയെ പുറത്താക്കി ബുംറയാണ് ഇന്നും വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നുള്ള രണ്ട് വിക്കറ്റുകള്‍ ഹര്‍ഷിത് റാണയും പിഴുതു. ഇതോടെ റാണയ്ക്ക് മൂന്ന് വിക്കറ്റ്. സിറാജിന് രണ്ട് വിക്കറ്റുമുണ്ട്.
നേരത്തേ ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. 41 റണ്‍സ് നേടിയ നിതീഷ് റെഡ്ഢിയും 37 റണ്‍സ് നേടിയ ഋഷഭ് പന്തും 26 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ടോപ് സ്കോറര്‍മാര്‍. ജയ്സ്വാള്‍, കോലി, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. ധ്രുവ് ജുറേല്‍ 11 റണ്‍സ് നേടി. നാല് വിക്കറ്റുമായി ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകളോടെ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന്റെ വിക്കറ്റുവേട്ടക്കാര്‍.
Content Highlights: india vs australia perth test border gavaskar trophy
Published: 23 Nov 2024, 02:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented