ദുബായ്: ആഭ്യന്തരസംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുകയും കളിക്കാര്‍ തമ്മിലുള്ള സൗഹൃദം ഹൃദ്യമായി വളരുകയും ചെയ്യുന്ന കാലത്ത്, വീണ്ടും ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം. ഏഷ്യാ കപ്പില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്താനെ നേരിടും. വൈകീട്ട് 7.30 മുതല്‍ ദുബായിലാണ് മത്സരം.
ദുബായില്‍ കഴിഞ്ഞവര്‍ഷംനടന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് തോറ്റത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുടെ തുടക്കമായി. ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യയുടെ ആദ്യതോല്‍വിയായിരുന്നു അത്. പിന്നാലെ വിരാട് കോലി നായകപദവി ഒഴിയുകയും രോഹിത് ശര്‍മ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഈവര്‍ഷം ഒടുവില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് രോഹിതിനെ നായകനാക്കിയത്. അതിനുമുന്നോടിയായി രോഹിതിന്റെ സുപ്രധാന ടൂര്‍ണമെന്റാണിത്. കോലിയാകട്ടെ, ഫോം നഷ്ടംമൂലം കരിയറില്‍ വലിയ പ്രതിസന്ധി നേരിടുന്നു.
പരിക്കിലായിരുന്ന മറ്റൊരു സുപ്രധാന ബാറ്റര്‍ കെ.എല്‍. രാഹുലിന് ഈവര്‍ഷത്തെ ആദ്യ ട്വന്റി 20 മത്സരമാണിത്. പിന്നാലെ, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരുണ്ട്.
പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുംറ പരിക്കുകാരണം ടൂര്‍ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ആ വിടവ് നികത്തുമെന്ന് പ്രതീക്ഷിക്കാം. സ്പിന്‍ ബൗളര്‍മാരായി ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ് എന്നിവരുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തില്‍ പ്രധാനപങ്കുവഹിച്ച ഇടംകൈയന്‍ പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രിഡി പരിക്കുകാരണം ഏഷ്യാ കപ്പില്‍ കളിക്കാത്തത് പാകിസ്താന് വലിയ നഷ്ടമാകും. കഴിഞ്ഞദിവസം പരിക്കേറ്റ് മറ്റൊരു പേസര്‍ മുഹമ്മദ് വാസിമും പിന്‍വാങ്ങി.
സമകാലീന ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരിലൊരാളായ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന ബാറ്റിങ് നിരയാണ് പാകിസ്താന്റെ കരുത്ത്.
കോലി@100
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച പാകിസ്താനെ നേരിടുമ്പോള്‍ ക്രിക്കറ്റ് ലോകം വിരാട് കോലിയെച്ചൊല്ലി ആകാംക്ഷയിലാണ്. ദീര്‍ഘകാലമായി റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കോലിയുടെ കരിയറില്‍ ഈ ടൂര്‍ണമെന്റ് നിര്‍ണായകമായിരിക്കും.
ഒരു നാഴികക്കല്ലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നു. ഞായറാഴ്ചത്തേത് കോലിയുടെ 100-ാം ട്വന്റി 20-യാണ്. ഇതോടെ, മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറും. 99 ട്വന്റി 20-കളില്‍ 50.12 ശരാശരിയോടെ കോലി 3308 റണ്‍സ് നേടിയിട്ടുണ്ട്. 30 അര്‍ധസെഞ്ചുറികളുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 94 നോട്ടൗട്ട്.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ വന്‍തോല്‍വിയാണ് കോലിയുടെ കരിയറിനെ പിടിച്ചുലച്ചത്. ലോകകപ്പുകളില്‍ പാകിസ്താനോട് തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോലി മാറി. കോലി 49 പന്തില്‍ 57 റണ്‍സെടുത്ത മത്സരത്തില്‍ ഇന്ത്യ അടിച്ചത് ഏഴിന് 151 റണ്‍സ്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും (79*) ബാബര്‍ അസമും (68*) തകര്‍ത്തടിച്ചതോടെ പാകിസ്താന് 10 വിക്കറ്റ് ജയം.
ഈ തോല്‍വി കോലിയെ സാരമായി ബാധിച്ചു. ക്യാപ്റ്റന്‍സികള്‍ ഒന്നൊന്നായി നഷ്ടം. പിന്നീട് അന്താരാഷ്ട്ര വേദിയില്‍ പഴയ പ്രതാപത്തിന്റെ നിഴല്‍പോലും കണ്ടില്ല. പലവട്ടം വിശ്രമം അനുവദിക്കപ്പെട്ടു. കോലി ഇതാ വീണ്ടും പാകിസ്താന് മുന്നിലേക്ക്. തിരിച്ചുവരാന്‍ ഇതിലും മികച്ച അവസരമില്ല. മധുരപ്രതികാരത്തോടെയുള്ള ഒരിന്നിങ്സ്. സൂപ്പര്‍താരത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് അതാണ്.
Content Highlights: india vs pakistan, asia cup cricket 2022
Published: 28 Aug 2022, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented