കൊളംബോ: വനിതാ ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ മാച്ച് റഫറിയുടെ തീരുമാനം വിവാദത്തില്‍. ടോസ് സമയത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും ടോസ് പാകിസ്താന് അനുകൂലമായി വിധിക്കുകയും ചെയ്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. മാച്ച് റഫറി ഷാന്‍ഡ്രെ ഫ്രിറ്റ്‌സിന്റെ തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധമുയരുകയാണ്.

To advertise here,

ഇന്ത്യ-പാക് മത്സരത്തിന്റെ ടോസ് സമയത്താണ് സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയും ടോസിനായി മൈതാനത്തെത്തി. പിന്നാലെ ഹര്‍മന്‍പ്രീത് ടോസിട്ടു. പാക് ക്യാപ്റ്റന്റെ തിരഞ്ഞെടുത്തത് ടെയില്‍സ് ആയിരുന്നു. എന്നാല്‍ മാച്ച് റഫറി അത് തെറ്റായി ആണ് കേട്ടത്. പാക് ക്യാപ്റ്റന്റെ തീരുമാനം ഹെഡ്‌സ് ആണെന്ന് കരുതി ടോസ് പാകിസ്താന് ലഭിച്ചതായി മാച്ച് റഫറി വിധിച്ചു. ശേഷം ഫാത്തിമ സന ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മാച്ച് റഫറിയുടെ തീരുമാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ആരാധകരോഷം നിറയുകയാണ്. പാക് ക്യാപ്റ്റന്‍ ടെയില്‍സ് എന്നുപറഞ്ഞിട്ടും എങ്ങനെയാണ് അത് ഹെഡ്‌സ് ആയി കണക്കാക്കിയതെന്ന് പലരും ചോദിക്കുന്നു. മാച്ച് റഫറി ശരിയായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് ടോസ് കിട്ടുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം മത്സരത്തിന് മുമ്പ് പാകിസ്താന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങി. ഏഷ്യാകപ്പില്‍ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടരുകയായിരുന്നു. ഇക്കാര്യം നേരത്തേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ടോസ് സമയത്ത് മാത്രമല്ല, മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ല. ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും താരങ്ങള്‍ മത്സരത്തിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമാണ് ദേവജിത് സൈക്കിയ പ്രതികരിച്ചത്.