ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച ഫീൽഡിങ്ങുമായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇരുവരും പുറത്തെടുത്ത പ്രകടനം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. പ്രായത്തെ തോൽപ്പിച്ച്, യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫീൽഡിങ്ങാണ് ഇരുവരും കാഴ്ച്ചവെച്ചത്.

To advertise here,

ന്യൂസീലൻഡ് ഇന്നിങ്‌സിന്റെ 22-ാം ഓവറിൽ ഷോർട്ട് മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്യുന്നതിനിടയിൽ രോഹിതിന്റെ പ്രകടനം ന്യൂസീലൻഡിനെ പ്രതിരോധത്തിലാക്കി. അക്‌സർ പട്ടേലിന്റെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് റണ്ണിനായി ഓടി. വളരെ വേഗത്തിൽ പന്ത് കൈക്കലാക്കിയ രോഹിത് അത് വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് കൈപ്പിടിയിലൊതുക്കിയ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ സ്റ്റമ്പ് ചെയ്തതോടെ ഡാരിൽ മിച്ചൽ റൺഔട്ടായി. 41 പന്തിൽ 28 റൺസായിരുന്നു മിച്ചലിന്റെ സമ്പാദ്യം.

29-ാം ഓവറിലാണ് മനോഹരമായ ക്യാച്ചുമായി വിരാട് കോലി കളം നിറഞ്ഞത്. അൻഷുൽ കാംബോജിന്റെ പന്തിൽ നഥാൻ സ്മിത്തിന്റെ ഷോട്ട് കോലി അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സെക്കന്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലി വലത് വശത്തേക്ക് പറന്ന് ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആ ഡൈവ് കണ്ട് എല്ലാവരും അമ്പരന്നുപോയ നിമിഷമായിരുന്നു അത്.