
ബുലാവായോ: ശനിയാഴ്ച ഇന്ത്യക്കെതിരായ അണ്ടർ-19 ലോകകപ്പിനിടെയുണ്ടായ സംഭവങ്ങളിൽ വിശദീകരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടോസ് സമയത്ത് ഹസ്തദാനം ചെയ്യാതിരുന്നത് ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അതിൽ അനാദരവില്ലെന്നും ബിസിബി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ക്യാപ്റ്റൻ എത്താതിരുന്നത് അസുഖബാധിതനായതിനാലാണെന്നും ബോർഡ് വിശദീകരിച്ചു. ലോകകപ്പ് മത്സരത്തിനു മുന്നോടിയായി ടോസ് ഇടുന്ന സമയത്ത് ഇരുടീമിന്റെയും ക്യാപ്റ്റന്മാർ പരസ്പരം കൈകൊടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ബിസിബിയുടെ പ്രതികരണം. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്ര, ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ എന്നിവരാണ് ടോസ് ഇടാനെത്തിയത്. ഇതിനിടെ സൗഹൃദസംഭാഷണവുമുണ്ടായിരുന്നില്ല.
അസുഖബാധിതനായതിനാലാണ് ക്യാപ്റ്റൻ അസീസ് ഹക്കീമിന് ടോസ്സിന് എത്താൻ കഴിഞ്ഞില്ല. പകരം വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ ആണ് ടീമിനെ പ്രതിനിധീകരിച്ചത്. എതിർ ടീമിന്റെ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാതിരുന്നത് മനഃപൂർവമല്ല. അത് ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതുമാണ്. എതിർ ടീമിനോടുള്ള അനാദരവോ അവഗണനയോ കാണിക്കാനുള്ള യാതൊരു ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നില്ല. - ബിസിബി വിശദീകരിച്ചു.
ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നതും എതിരാളികളോട് ബഹുമാനം കാണിക്കുന്നതും അടിസ്ഥാനപരമായ കാര്യമാണ്. വിഷയത്തെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും അതിനാൽ ടീം മാനേജ്‌മെന്റിന് ഉചിതമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. എതിർ ടീമുകളുമായുള്ള എല്ലാ ഇടപെഴകലുകളിലും താരങ്ങൾ സൗഹൃദവും പരസ്പര ബഹുമാനവും പുലർത്തണമെന്നും ആ ഉത്തരവാദിത്തത്തെക്കുറിച്ച് കളിക്കാരെ ഓർമ്മിപ്പിച്ചതായും ബിസിബി വ്യക്തമാക്കി.
2025-ലെ ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവയിൽ ഇന്ത്യ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാതിരുന്നത് രാഷ്ട്രീയപരമായി വളരെയധികം ചർച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. ഐപിഎലിൽ ബംഗ്ലാദേശ് താരം മുസ്താഫിസുർറഹ്‌മാന്റെ കരാർ റദ്ദാക്കിയത് കാരണം തങ്ങളുടെ ലോകകപ്പ് വേദികൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചിരുന്നു. എന്നാൽ ഐസിസി ഇത് നിരസിച്ചു. ഇതേച്ചൊല്ലി ബിസിസിഐയും ബിസിബിയും തമ്മിലും പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്.
Content Highlights: India, Bangladesh U19 World Cup Handshake Row
Published: 18 Jan 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented