ക്രൈസ്റ്റ്ചർച്ച്‌: ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനുശേഷം ശ്രേയസ് അയ്യർ ആദ്യമായി ടീമിനെ നയിച്ചത് അയർലൻഡിനെതിരെയായിരുന്നു. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യൻ ടീം തോറ്റു. പിന്നാലെ ഇംഗ്ലണ്ടിലേക്കുപോയ ടീം അവിടേയും ദയനീയമായി പരമ്പര അടിയറ വെച്ചു. അതിനുശേഷം സിംബാബ്‌വേയിലും അഫ്ഗാനിസ്താനിലും ഏകപക്ഷീയമായ പരമ്പര വിജയങ്ങൾ. എന്നാൽ സ്വന്തം നാട്ടിൽ വിൻഡീസിനോട് 2-2ന് സമനില. ഇനി അയ്യർക്കും ടീമിനും 'ന്യൂസീലൻഡ് ടെസ്റ്റ്' ആണ്. ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ നടക്കും.

To advertise here,

അടുത്തകാലം വരെ ട്വന്റി-20 അജയ്യശക്തികളായ ഇന്ത്യ ഇപ്പോൾ പ്രവചനാതീതമായ കളിയാണ് പുറത്തെടുക്കുന്നത്. അതിശക്തമായ ബാറ്റിങ് ലൈനപ്പും ശരാശരിയിൽ താഴെയുള്ള ബൗളിങ് നിരയുമായി സന്തുലിതമല്ലാത്ത ടീം. ന്യൂസീലൻഡിലെ പിച്ചുകളിൽ ബാറ്റിങ് നിര എങ്ങനെ കളിക്കുമെന്നതാകും ഫലം നിർണയിക്കുന്നത്.

പരിക്കുമാറി സ്പിന്നർ വരുൺ ചക്രവർത്തി തിരിച്ചെത്തുന്നത് ഇന്ത്യൻ ടീമിന് ആശ്വാസമാണ്. വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന്റെ മടങ്ങിവരവും ആരാധകർ പ്രതീക്ഷയോടെ കാണുന്നു. വിൻഡീസിനെതിരായി കളിച്ച പരമ്പരയിൽ നിന്ന് കാര്യമായ മാറ്റം ബാറ്റിങ് നിരയിലുണ്ടാകില്ല. കൗമാരതാരം വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ-അഭിഷേക് ശർമ കൂട്ടുകെട്ട് തുടരും. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ പിന്നാലെ വരും. ശിവം ദുബെ, നിധീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ എന്നീ ഓൾറൗണ്ടർമാരും ടീമിലുണ്ടാകും. ഭുവിയും അർഷ്ദീപ് സിങ്ങും പേസർമാരായി എത്തും. മൂന്നാം പേസറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ പ്രിൻസ് യാദവ് ഇറങ്ങും. സ്പിന്നറാണ് ചോയ്‌സെങ്കിൽ വരുൺ കളിക്കും.

ന്യൂസീലൻഡ് ടീമിൽ ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകൾ ഏറെയുണ്ട്. ഫിൻ അലൻ-ടിം സെയ്‌ഫെർട്ട് ഓപ്പണിങ് അതിശക്തമാണ്. ഡെവൺ കോൺവെ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ എന്നിവർ ബാറ്റിങ് കരുത്താണ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ ബൗളിങ്ങിന് നേതൃത്വം നൽകും. നേതാൻ സ്മിത്ത്, കെയ്ൽ ജാമിസൺ, മാറ്റ് ഹെൻട്രി, ലോക്കി ഫെർഗൂസൻ എന്നിവർ ബൗളിങ് നിരയിലുണ്ടാകും.