തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്നിങ്‌സ് വിജയം. ഒഡിഷയെ ഇന്നിങ്‌സിനും 36 റൺസിനുമാണ് കേരളം തോൽപ്പിച്ചത്. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ 143 റൺസിന് പുറത്തായി.

To advertise here,

ആദ്യ ഇന്നിങ്‌സിൽ കേരളം 404 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒഡിഷ 225 റൺസിന് പുറത്തായി ഫോളോ ഓൺ വഴങ്ങുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഒഡിഷയ്ക്ക് 41 റൺസ് ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയായിരുന്നു.

53 റൺസെടുത്ത ഗൗരവ് ചൗധരിയാണ് അവരുടെ ടോപ്പ് സ്‌കോറർ. ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിനായി ജലജ് സക്‌സേന അഞ്ചും ആദിത്യ സർവാതെ രണ്ടും വിക്കറ്റ് വീഴ്ത്തി. വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റെടുത്തു. ശേഷിക്കുന്ന രണ്ട് പേർ റൺഔട്ടാകുകയായിരുന്നു.

അർധ

സെഞ്ചുറി നേടിയ ഗൗരവ് ചൗധരിയുടേയും ശുഭ്രാൻഷു സേനാപതിയുടേയും മികവിലാണ് ഒഡിഷ ആദ്യ ഇന്നിങ്‌സിൽ 225 റൺസ് അടിച്ചത്. ഓപ്പണിങ് വിക്കറ്റിലേയും ആറാം വിക്കറ്റിലേയും 60 റൺസ് കൂട്ടുകെട്ടുകൾ ഇന്നിങ്‌സിൽ നിർണായകമായി. വാലറ്റത്ത് ലളിത് യാദവ് നേടിയ 37 റൺസ് അവരുടെ സ്‌കോർ 200 കടത്തുകയായിരുന്നു. കേരളത്തിനുവേണ്ടി വൈശാഖ് ചന്ദ്രൻ നാലും ആദിത്യ സർവാദെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി. എം.ഡി. നിധീഷ് ഒരു വിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മികവിലാണ് കേരളം ആദ്യ ഇന്നിങ്‌സിൽ 404 റൺസ് അടിച്ചെടുത്തത്. സച്ചിൻ ബേബി 112 റൺസ് നേടിയപ്പോൾ അസറുദ്ദീൻ 139 റൺസും അടിച്ചെടുത്തു.

ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു. സമനിലയിലായ ആദ്യ മത്സരത്തിൽ കേരളത്തിന് ഒരു പോയിന്റാണ് ലഭിച്ചിരുന്നത്. ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് എട്ട് പോയിന്റായി.