ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഐസിസി. തീരുമാനത്തിൽ പ്രത്യാഘാതം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.

To advertise here,

ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്താൻ ഗ്രൂപ്പ് മത്സരം. പാകിസ്താൻ സർക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.

'നയപരമായ കാര്യങ്ങളിൽ സർക്കാരുകളുടെ പങ്കിനെ ഐസിസി ബഹുമാനിക്കുമ്പോൾ, ഈ തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്താനിലെ ലക്ഷക്കണക്കിന് ആരാധകർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്', ഐസിസി പ്രസ്താവനയിൽ അറിയിച്ചു.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ പിസിബി പരിഗണിക്കുമെന്ന് ഐസിസി പ്രത്യാശിക്കുന്നു. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുൻഗണന, ഇത് പിസിബി ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താൻ പിസിബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു.